125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; മീനാക്ഷിപുരം  കവർച്ച  കേസിൽ  അർജുൻ  ആയങ്കിക്ക്  ജാമ്യം

Friday 24 November 2023 7:59 PM IST

തിരുവനന്തപുരം: മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമ്മർപ്പിക്കാത്തതിനാലാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ പ്രോസിക്യൂഷനെ ഹെെക്കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് ഗുരുതമായ കുറ്റകൃത്യമാണ്. കൂടാതെ പ്രതിയുടെ പൂർവകാല ചരിത്രവും വളരെ മോശമാണ്. അർഹതയില്ലാഞ്ഞിട്ടും പ്രതിയ്ക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കാത്തതിനാൽ ജാമ്യം നൽകാൻ നിർബന്ധിതമായെന്നും കോടതി വിമർശിച്ചു.

പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്നെന്നാണ് കേസ്. അർജുൻ ആയങ്കി കേസിലെ 14-ാം പ്രതിയാണ്. 125 ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടർന്നാണ് ജാമ്യ ഹർജിയുമായി ഹെെക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമർപ്പിക്കാൻ വെെകുന്ന സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

ഇതിനെ പ്രോസിക്യൂഷൻ എതിർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങി തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രോസിക്യൂഷനെ വിമർശിച്ച കോടതി കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് ജാമ്യം നൽകുകയായിരുന്നു.