കേരള ഗവർണർക്ക് നിർദ്ദേശം, ബില്ലിൽ പഞ്ചാബിനുള്ള വിധി വായിച്ച് തീരുമാനിക്കൂ

Saturday 25 November 2023 12:56 AM IST

 ബുധനാഴ്ച അറിയിക്കണം

ന്യൂഡൽഹി: ബില്ലുകൾ പിടിച്ചുവയ്ക്കാനാവില്ലെന്ന് പഞ്ചാബ് ഗവർണറുടെ കേസിൽ വിധിച്ചത് കേരളത്തിനും ബാധകമെന്ന തരത്തിൽ സുപ്രീംകോടതിയുടെ നിർണായക പരാമർശം. ഇത് ആരിഫ് മുഹമ്മദ് ഖാനുള്ള കൃത്യമായ സന്ദേശമെന്നാണ് വിലയിരുത്തൽ. ഗവർണർക്ക് ഉടൻ തീരുമാനമെടുക്കേണ്ടി വരും.

പഞ്ചാബിനുള്ള വിധി ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറി ഇതു വായിക്കണം. ഇക്കാര്യമറിയിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തുകയും ചെയ്തു. മറുപടി അടുത്ത ബുധനാഴ്ച് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വേണം.

ബില്ലിൽ ഒപ്പിടാൻ വയ്യെങ്കിൽ തിരിച്ചയയ്ക്കണമെന്നും, ഗവർണർക്ക് സഭയുടെ പ്രവർത്തനത്തെ തടസപ്പെടുത്താനാവില്ലെന്നുമാണ് പഞ്ചാബ് കേസിൽ വ്യാഴാഴ്ച വിധിച്ചത്. ഗവർണർ പ്രതീതാത്മക തലവൻ മാത്രമാണെന്നും ഓർമിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഗവർണറെ കക്ഷിയാക്കിയെങ്കിലും അഡിഷണൽ ചീഫ് സെക്രട്ടറിക്കായിരുന്നു നോട്ടീസ്.

എല്ലാ ഗവർണർമാർക്കും

വിധി ബാധകം

ഉത്തരവ് രാജ്യത്തെ മുഴുവൻ ഗവർണർമാർക്കുമുള്ള സന്ദേശമാണ്. കേരള ഗവർണർക്ക് മറിച്ചൊരു നിലപാട് സാദ്ധ്യമല്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ഭരണഘടനയിലെ അനുച്ഛേദം 200 പ്രകാരം ബില്ലുകളിൽ മൂന്നു നടപടികളാണ് ഗവർണർക്ക് കഴിയുക. ബിൽ അംഗീകരിക്കലോ കൈവശം വയ്ക്കലോ,​ തിരിച്ചയയ്ക്കൽ,​ രാഷ്ട്രപതിക്ക് അയയ്ക്കൽ. ഇതിൽ കൈവശം വയ്ക്കുന്നതിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്.

16 ബില്ലുകളിൽ

തീരുമാനമില്ല

രണ്ട് വർഷം പിന്നിട്ട മൂന്ന് ബില്ലുകൾ അടക്കം എട്ടെണ്ണത്തിന്റെ കാര്യമാണ് ഹർജിയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, 16 ബില്ലുകൾ പിടിച്ചുവച്ചിരിക്കുകയാണെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചു. ഭൂപതിവ് ഭേദഗതി ബിൽ, നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, ധനവിനിയോഗ ബിൽ തുടങ്ങി പുതുതായി പാസാക്കിയ എട്ട് ബില്ലുകളുടെ വിവരവും കൈമാറി. മുഖ്യമന്ത്രിയും, മൂന്ന് മന്ത്രിമാരും ഗവർണറെ നേരിൽ കണ്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു.