ഈ വർഷം കേരളത്തിൽ നിന്ന് കാണാതായത് 9882 പേരെ; മിസിംഗ് കേസുകൾ കൂടുന്നു, പോയതെവിടെയെന്ന് കണ്ടെത്താനാകാതെ പൊലീസ്

Saturday 25 November 2023 1:25 PM IST

തിരുവനന്തപുരം: വിവിധ സാഹചര്യങ്ങളിൽ സംസ്ഥാനത്ത് നിന്ന് കാണാതാകുന്നവരുടെ എണ്ണം പ്രതിവർഷം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കാണാതാവുന്ന കേസുകളിൽ ഭൂരിഭാഗം പേരെയും തിരിച്ചുകിട്ടിയതായി പൊലീസ് രേഖകളില്ല. സ്ത്രീകളേയും, കുട്ടികളേയും കാണാതായ പരാതികളാണ് പൊലീസിൽ കൂടുതലും എത്തുന്നത്.

ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഈ വർഷം 9882 മിസ്സിംഗ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ 30,854 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളാണ് കാണാതാകുന്നവരിൽ കൂടുതലും. ഇതിൽ തന്നെ 15നും 35നും ഇടയിൽ പ്രായമുള്ളവരാണ് അധികവും.

വീട്ടിൽ നിന്ന് കാണാതാകുന്നുവെന്നാണ് മിക്ക പരാതികളിലും പറയുന്നത്. വീട്ടുകാരറിയാതെ പ്രണയ വിവാഹം ചെയ്ത് നാടുവിടുന്നവരും കാണാതാകുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നുണ്ട്. എന്നാൽ ഇതിനെക്കാൾ വളരെയധികം കൂടുതലാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നവർ. കേരളത്തിലെ അന്വേഷണ ഏജൻസികളെല്ലാം ഇക്കാര്യത്തിൽ പരാജയപ്പെടുകയാണ്.

വാർദ്ധക്യത്തിൽ ഇറങ്ങിപ്പോക്ക്

വീട് വിട്ടിറങ്ങിപ്പോകുന്ന വൃദ്ധന്മാരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. കാണാതാവുന്ന പുരുഷൻമാരിൽ 50 ശതമാനം പേരും 50 വയസിന് മുകളിൽ പ്രായമുള്ളവരാണ്. കാണാതാകുന്ന കുട്ടികൾ അന്യസംസ്ഥാന മോഷണ, ഭിക്ഷാടന മാഫിയകളുടെ കൈകളിൽ എത്തിപ്പെടുന്നതായി കേരള പൊലീസിന് വിവരമുണ്ടെങ്കിലും ഇത് സംബന്ധിച്ച അന്വേഷണം എങ്ങുമെത്തുന്നില്ല.

2012 സ്ത്രീകളും കുട്ടികളും

ഈവർഷം സെപ്തംബർ വരെ 115 കുട്ടികളെയും 123 സ്ത്രീകളെയും സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കാണാതായെന്നാണ് പൊലീസിന്റെ രേഖകളിലുള്ളത്. ശരാശരി ഇരുന്നൂറിനടുത്താണ് ഈ വിഭാഗത്തിൽപെട്ടവരെ കാണാതുന്നതിന്റെ നിരക്ക്. കഴിഞ്ഞ അഞ്ചുവർഷത്തിൽ 2012 സ്ത്രീകളെയും കുട്ടികളെയും ഇത്തരത്തിൽ കാണാതായിട്ടുണ്ട്.

2018 മുതലുള്ള മിസ്സിംഗ് കേസുകൾ

വർഷം കേസുകളുടെ എണ്ണം

2018 11536 2019 12802 2020 8742 2021 9713 2022 11259