'ഇത് വെറുമൊരു വെളിച്ചമല്ല, ദർശനം', കിടിലൻ സർപ്രൈസ്, 'കാന്താര' വീണ്ടും എത്തുന്നു, പ്രഖ്യാപനവുമായി നിർമാതാക്കൾ

Saturday 25 November 2023 4:23 PM IST

കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ ഗംഭീര വിജയം നേടിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര' വീണ്ടും എത്തുന്നു. തികച്ചും സർപ്രൈസായിട്ടാണ് രണ്ടാം ഭാഗത്തേക്കുറിച്ചുള്ള നിർമാതാക്കളുടെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. മറ്റന്നാൾ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഹോംബാലെ ഫിലിംസാണ് സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. 'ഇത് വെറുമൊരു വെളിച്ചമല്ല, ദർശനം' എന്ന ക്യാപ്ഷനോടെയാണ് പ്രഖ്യാപനം. ഇതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. 'കാന്താര എ ലെജൻസ് ചാപ്റ്റർ 1'- എന്നായിരിക്കും സിനിമയുടെ പേരെന്നാണ് സൂചന.

ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിക്കുന്ന ചിത്രം ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയിലെ താരങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമല്ല.2022ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയവയിൽ ഒന്നാണ് കാന്താര. സപ്തമി ഗൗഡയായിരുന്നു ചിത്രത്തിലെ നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരായിരുന്നു മറ്റു താരങ്ങള്‍.