റിമാൻഡിന് പിന്നാലെ ഭാസുരാംഗന് നെഞ്ചുവേദന; എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭാസുരാംഗന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പ്രതിഭാഗം ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഭാസുരാംഗന് ശാരീരിക അവശതകൾ ഉണ്ടെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് എറണാകുളം ജയിലിൽ വച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്. തുടർന്ന് ജയിലിലെ ഡോക്ടർ ഉൾപ്പെടെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കണ്ടല സഹകരണ ബാങ്കിൽ നടന്നത് സംഘടിത സാമ്പത്തിക കുറ്റകൃത്യമാണെന്ന് ഇഡി പ്രത്യേക കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരെ ഡിസംബർ അഞ്ചുവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഭാസുരാംഗനും മകനും ബിനാമി പേരുകളിലാണ് ഇടപാടുകൾ നടത്തിയത്. വൻതുകയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാകണമെങ്കിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഭാസുരാംഗൻ രാഷ്ട്രീയ നേതാവാണ്. വളരെ സ്വാധീനമുള്ള വ്യക്തിയാണ്. ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തില്ലെങ്കിൽ പ്രതികൾ തെളിവുകൾ ഇല്ലാതാക്കാമെന്നും ഇ ഡി വ്യക്തമാക്കി.
അതേസമയം, ഭാസുരാംഗന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ഡോക്ടറായ മകളെ കേൾക്കണമെന്നും ആവശ്യമുന്നയിച്ചു. എന്നാൽ ഇ ഡി ഇതിനെ എതിർത്തു. മകളെ കേൾക്കുകയാണെങ്കിൽ ഭാസുരാംഗനെ പരിശോധിച്ച ഡോക്ടറെയും കേൾക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇത്തരത്തിലുള്ള വാദങ്ങൾ സാധാരണമാണ്. തമിഴ്‌നാട്ടിലെ സെന്തിൽ ബാലാജി കേസും ഉദാഹരണമായി ഇ ഡി പരാമർശിച്ചു.