ഗ്രീസിന് സമീപം കപ്പൽ മുങ്ങി : 13 പേരെ കാണാനില്ല  4 പേർ ഇന്ത്യക്കാർ

Monday 27 November 2023 7:00 AM IST

ഏഥൻസ് : ഗ്രീക്ക് ദ്വീപായ ലെസ്ബോസിന് സമീപം ഈജിയൻ കടലിൽ ' ദ റാപ്റ്റർ ' എന്ന ചരക്കുകപ്പൽ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി. ഒരാളെ രക്ഷിച്ചു. ഈജിപ്റ്റിൽ നിന്ന് 6,000 ടൺ ഉപ്പുമായി തുർക്കിയെയിലെ ഇസ്താംബുളിലേക്ക് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ലെസ്ബോസ് തീരത്ത് നിന്ന് 8.3 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ശക്തമായ കാറ്റിലും തിരയിലുംപെട്ടായിരുന്നു അപകടം. ഏഴ് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് സിറിയക്കാരുമാണ് കാണാതായ മറ്റുള്ളവർ. രക്ഷപ്പെട്ടയാൾ ഈജിപ്ഷ്യൻ പൗരനാണെന്നാണ് വിവരം. ഗ്രീക്ക് നേവി, എയർ ഫോഴ്സ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. ലെബനൻ ആസ്ഥാനമായുള്ള കമ്പനിയാണ് കപ്പൽ നിയന്ത്രിച്ചിരുന്നത്.