പ്ലസ് ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ചു; യുവാക്കൾക്കെതിരെ കേസ്

Monday 27 November 2023 10:22 AM IST

ലക്‌നൗ: പ്ലസ് ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ച യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവമുണ്ടായത്. നവംബർ 13ന് നടന്ന ആക്രമണത്തിന്റെ വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച് മൂന്നുപേരാണ് അക്രമി സംഘത്തിലുള്ളത്. ഒരാൾ കുട്ടിയെ കൈകൾകൊണ്ട് തലയ്‌ക്കടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും കാണാം. ഒപ്പമുള്ള രണ്ടുപേരും ഇടയ്‌ക്കിടെ കുട്ടിയെ മർദിക്കുന്നുണ്ട്. ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ് കരയുന്ന വിദ്യാർത്ഥിയുടെ തലയിലും മുതുകിലും ഇയാൾ ആവർത്തിച്ച് ചവിട്ടുന്നുണ്ട്. പിന്നീട് സംഘത്തിലുള്ള മറ്റൊരാൾ വന്ന് കുട്ടിയുടെ മുഖത്ത് മൂത്രമൊഴിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ പലരും ഷെയർ ചെയ്തതോടെ ഉത്തർപ്രദേശ് പൊലീസ് ഏഴുപേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവി ശർമ, ആശിഷ് മാലിക്, രാജൻ, മോഹിത് താക്കൂർ എന്നീ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പീയുഷ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങി വരുന്നതിനിടെയാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഏറെ വൈകിയിട്ടും വീട്ടിലെത്താതായതോടെ ബന്ധുക്കൾ ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ കുട്ടി വീട്ടിലെത്തി സംഭവം വിവരിച്ചു. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യം പൊലീസ് നടപടിയുണ്ടായില്ലെന്ന് പിതാവ് ആരോപിച്ചു.

നവംബർ 16ന് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവർ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായതെന്നും തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കിയാണ് കേസെടുത്തതെന്നും കുടുംബം പറഞ്ഞു. പ്രതികളിൽ ചിലർ ഇരയുടെ സുഹൃത്തുക്കളാണെന്നും പറയപ്പെടുന്നു. എന്നാൽ ആക്രമികളും കുട്ടിയും തമ്മിൽ മുമ്പ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.