കോൺഗ്രസ്, ലീഗ് നേതാക്കൾ വീണ്ടും നവകേരള സദസിൽ; പാണക്കാട് തങ്ങളുടെ മരുമകൻ പങ്കെടുത്തത് മലപ്പുറത്ത്

Monday 27 November 2023 11:33 AM IST

മലപ്പുറം: നവകേരള സദസിൽ പങ്കെടുക്കരുതെന്ന യുഡിഎഫ് ആഹ്വാനത്തെ ബഹിഷ്‌കരിച്ച് കോൺഗ്രസ്, ലീഗ് നേതാക്കൾ വീണ്ടും നവകേരള സദസിൽ. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങളാണ് മലപ്പുറം തിരൂരിലെ നവകേരള സദസിലെത്തിയത്. പരിപാടിയുടെ ഭാഗമായ പ്രഭാത യോഗത്തിലാണ് ഹസീബ് പങ്കെടുത്തത്. ഹസീബിന് പുറമേ കോൺഗ്രസ് നേതാവും തിരുനാവായ മുൻ ബ്ളോക്ക് പ്രസിഡന്റുമായ സി മൊയ്‌തീൻ പ്രഭാത യോഗത്തിനെത്തിയതും ശ്രദ്ധനേടുകയാണ്. ഇരുവരും യോഗത്തിൽ പ്രസംഗിച്ചു. എന്നാൽ ഹസീബ് മുസ്ളീം ലീഗ് പ്രവർത്തകനല്ല.

ഇന്നലെയും ലീഗ്, കോൺഗ്രസ് നേതാക്കൾ നവകേരള സദസിലെത്തിയിരുന്നു. ചുരം സംരക്ഷണസമിതി പ്രസിഡന്റും കട്ടിപ്പാറ പയോണ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റുമായ വി.കെ. മൊയ്തു മുട്ടായി, കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കൊടുവള്ളി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമായ മക്കാട്ട് മാധവൻ നമ്പൂതിരി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. അബൂബക്കർ എന്നിവരാണ് ഓമശ്ശേരി പുത്തൂരിലെ അമ്പലക്കണ്ടി സ്‌നേഹതീരം ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന പ്രഭാതയോഗത്തിൽ പങ്കെടുത്തത്.

നവകേരള സദസിൽ പങ്കെടുത്ത എൻ അബൂബക്കറിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. യു കെ ഹുസൈൻ, മൊയ്‌തു മുട്ടായി എന്നിവരെ ലീഗിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി പാ‌ർട്ടി സംസ്ഥാന കമ്മിറ്റിയും അറിയിച്ചിരുന്നു.