'തിരുപ്പതി ഭഗവാനോട് 140 കോടി ഇന്ത്യക്കാര്‍ക്കും നല്ലതുവരുത്തണേ എന്ന് പ്രാര്‍ത്ഥിച്ചു' - പ്രധാനമന്ത്രി നരേന്ദ്ര മോദി

Monday 27 November 2023 12:22 PM IST

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

'വെങ്കടേശ്വര ക്ഷേത്രത്തിലെത്തി 140 കോടി ഇന്ത്യക്കാരുടേയും ആരോഗ്യത്തിനും സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു' - പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഞായറാഴ്ച രാത്രിയാണ് അദ്ദേഹം ആന്ധ്രയില്‍ എത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാന ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍, മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രി ഇന്ന് തെലങ്കാനയിലേക്ക് പോകും.