ഇരുകെെയിലും ആയുധങ്ങൾ, തീഗോളത്തിന് താഴെ ഋഷഭ് ഷെട്ടി; വീണ്ടും അമ്പരപ്പിച്ച് കാന്താര ചാപ്ടർ ഒന്നിന്റെ ടീസർ
രാജ്യത്ത് ആകെ വൻ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം കാന്താര എ ലെജൻഡ് ചാപ്ടർ ഒന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. കാന്താര പോലെ ചാപ്ടർ ഒന്നിലും നടനും സംവിധായകനും ഋഷഭ് ഷെട്ടി തന്നെയാണ്. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുൻപുള്ള കഥയാണ് ഇതിൽ പറയുന്നത്.
ഗംഭീരമായ ഒരു പുതിയ അവതാരപ്പിറവിയാണ് കാന്താര എ ലെജൻഡിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം. വിജയ് കിരാഗണ്ടൂർ ആണ് നിർമ്മാതാവ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി തീയേറ്ററിലെത്തും.