ഐറിഷ് നോവലിസ്‌റ്റ് പോൾ ലിഞ്ചിന് ബുക്കർ

Tuesday 28 November 2023 3:13 AM IST

ലണ്ടൻ: ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ' പ്രൊഫറ്റ് സോംഗ് ' എന്ന നോവലിന് ഇക്കൊല്ലത്തെ ബുക്കർ സമ്മാനം. ഇതിനകം തരംഗമായി മാറിയ കൃതിയാണിത്. സാങ്കൽപ്പിക ഐറിഷ് സർക്കാർ സ്വേച്ഛാധിപത്യത്തിലേക്ക് തിരിയുമ്പോൾ ദുരന്തത്തിലാകുന്ന ഒരു കുടുംബത്തിന്റെയും രാജ്യത്തിന്റെയും കഥയാണ് പ്രൊഫറ്റ് സോംഗ്.

പോൾ ലിഞ്ചിന്റെ അഞ്ചാമത്തെ നോവലാണിത്. ബുക്കർ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനും. 50,000 പൗണ്ടാണ് ( 52.62 ലക്ഷം രൂപ ) സമ്മാനത്തുക.

സിറിയയുൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ജനത്തിന്റെ തീരാദുരിതമാണ് നോവലിന് പ്രേരണ.

യുദ്ധവും അധിനിവേശവും തുടരുമ്പോഴും ഇവരോട് ലോകം കാട്ടുന്ന നിസ്സംഗത പോൾ നോവലിൽ വരച്ചുകാട്ടുന്നു. വൺവേൾഡ് ആണ് പ്രസാധകർ.

46കാരനായ പോൾ അയർലൻഡിലെ സൺഡേ ട്രിബ്യൂൺ ദിനപത്രത്തിൽ സിനിമാ നിരൂപകനായിരുന്നു. ബിയോണ്ട് ദ സീ,ഗ്രേസ്, ദ ബ്ലാക്ക് സ്നോ,റെഡ് സ്കൈ ഇൻ മോർണിംഗ് എന്നിവയാണ് മറ്റ് നോവലുകൾ. ബിയോണ്ട് ദ സീയ്ക്ക് 2022ൽ ഫ്രാൻസിന്റെ പ്രീ ഷോൺ ഡി മെയർ പുരസ്കാരം ലഭിച്ചിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ഡബ്ലിനിലാണ് താമസം. ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി ചേത്‌ന മാരുവിന്റെ വെസ്റ്റേൺ ലെയ്ൻ എന്ന നോവൽ ഇക്കൊല്ലം ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു.

Advertisement
Advertisement