ഗാസയിൽ വെടിനിറുത്തൽ നീട്ടി

Tuesday 28 November 2023 7:14 AM IST

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിറുത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഖത്തർ,ഈജിപ്റ്റ്,യു.എസ് എന്നിവരുടെ മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. വെള്ളിയാഴ്ച തുടങ്ങിയ നാല് ദിവസം നീണ്ട വെടിനിറുത്തൽ ഇന്ന് പുലർച്ചെ അവസാനിക്കാനിരിക്കെയാണ് നിർണായക തീരുമാനം. രണ്ട് ദിവസത്തിനിടെ 20 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം 60 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കും.

വെടിനിറുത്തൽ നീട്ടാൻ ഹമാസും ഇസ്രയേലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. നാല് ദിവസം കൂടി നീട്ടണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാൽ,10 ബന്ദികളുടെ മോചനത്തിന് ഒരു ദിവസം എന്ന ക്രമത്തിൽ വെടിനിറുത്തൽ നീട്ടാമെന്ന് ഇസ്രയേൽ ഉറച്ചുനിന്നു. മോചിപ്പിക്കുന്ന ഇസ്രയേലി ബന്ദികളുടെ എണ്ണത്തിന്റെ മൂന്നിരട്ടി പാലസ്തീനിയൻ തടവുകാരെ ജയിൽ മോചിതരാക്കാൻ തയാറാണെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിറുത്തൽ അവസാനിച്ചാൽ ഉടൻ ഗാസയിൽ പോരാട്ടം തുടങ്ങുമെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി

അതേസമയം,നാല് ദിവസത്തെ കരാറിൽ 50 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനാണ് ഹമാസ് ധാരണയായത്. ഇതുപ്രകാരം അവശേഷിക്കുന്ന 11 ബന്ദികളെ ഇന്ന് പുലർച്ചെയോടെ ഹമാസും 33 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.

ഇതിനിടെ,ഏഡൻ ഉൾക്കടലിൽ തങ്ങളുടെ കപ്പലിൽ നിന്ന് 18.5 കിലോമീറ്റർ അകലെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചെന്നും ഇവ യെമനിലെ ഹൂതി മേഖലയിൽ നിന്ന് വിക്ഷേപിച്ചതാണെന്നും യു.എസ് സൈന്യം അറിയിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. ഇതിനിടെ,​ടെസ്‌ല,സ്പേസ് എക്സ് സ്ഥാപകനും എക്സ് മേധാവിയുമായ ഇലോൺ മസ്ക് ഇന്നലെ ഇസ്രയേലിലെത്തി. ഗാസയിൽ സ്പേസ് എക്സ് സ്റ്റാർലിങ്കിന്റെ ആശയവിനിമയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇസ്രയേലുമായി മസ്ക് തത്വത്തിൽ ധാരണയിലെത്തിയെന്നാണ് വിവരം.

Advertisement
Advertisement