ആരോഗ്യം നശിപ്പിച്ചത് ആ വിഡ്ഢികൾ, ചാടിക്കേറി സിനിമകൾ ചെയ്യാനും സൂപ്പർമാൻ അല്ല; പ്രതികരിച്ച് അൽഫോൺസ് പുത്രൻ

Tuesday 28 November 2023 10:07 AM IST

തീയേറ്റർ ഉടമകൾക്കെതിരെ വിമർശനവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. തീയേറ്റർ ഓപ്പൺ ചെയ്ത് റിവ്യൂ ഇടാൻ സഹായം ചെയ്തു കൊടുത്ത തീയേറ്റർ ഉടമകൾ തന്നെയല്ലേയെന്നും അവർക്ക് വേണ്ടി താൻ എന്തിനാണ് കഷ്‌ടപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

തന്റെയും, മറ്റ് എഴുത്തുകാരുടെയും കണ്ണീരിന്‌ നഷ്ടപരിഹാരം ലഭിക്കണമെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ആരാധകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


'തീയേറ്ററിൽ വേണോ വേണ്ടയോ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തീയേറ്റർ ഓപ്പൺ ചെയ്ത് റിവ്യൂ ഇടാൻ സഹായം ചെയ്തു കൊടുത്ത തീയേറ്റർ ഉടമകൾ തന്നെയല്ലേ? അവർക്ക് വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നത്? ഏതെങ്കിലുമൊരു തീയേറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ? അവർ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം, അവർ പറയുന്ന ഡേറ്റിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്നുപറയുന്നത് ആയിരം തവണ വലുതാണ്.

ഒരു സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ അറിയപ്പെടുന്നത്. ഒരു മുറിയിൽ ഇരുന്ന് എഴുത്തുകാർ എഴുതുന്നതാണ് സിനിമ. എന്റെയും, മറ്റ് എഴുത്തുകാരുടെയും കണ്ണീരിന്‌ നഷ്ടപരിഹാരം ലഭിക്കണം. അതിനാൽ എന്റെ കണ്ണുനീർ പതുക്കെ പോകണം, മറ്റ് എഴുത്തുകാരുടെ കണ്ണുനീരും. അപ്പോൾ അൽഫോൺസ് പുത്രൻ ചിന്തിക്കും. ചാടിക്കേറി സിനിമകൾ ചെയ്യാൻ ഞാൻ സൂപ്പർമാൻ അല്ല. എനിക്ക് ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അത് ആ വിഡ്ഢികൾ നശിപ്പിച്ച എന്റെ ആരോഗ്യം, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.'- അൽഫോൺസ് പുത്രൻ കുറിച്ചു.