പ്രതീക്ഷിക്കുന്നതുപോലെ നടന്നാൽ വിദേശീയരും അന്യസംസ്ഥാനക്കാരും കൊല്ലത്തേക്ക് ഒഴുകും; വരുമാനവും ഇരട്ടിക്കും

Tuesday 28 November 2023 11:58 AM IST

കൊല്ലം: കൂടുതൽ സൗകര്യങ്ങളൊരുക്കി നഗരത്തെ ടൂറിസം സ്പോട്ടാക്കി മാറ്റാൻ കോർപ്പറേഷൻ.

ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധയിൽ ഉൾപ്പെടുത്തി അഞ്ച് കേന്ദ്രങ്ങളിൽ വിനോദ ക്രമീകരണങ്ങൾ ഒരുക്കാനുള്ള വിശദ രൂപരേഖ തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചു.

ജില്ലയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അവരെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ നഗരത്തിലില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം.

വരുമാനവും കൂടി ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും നിർമ്മാണ പ്രവർത്തനം. പൂർത്തിയാകുമ്പോൾ സ്ഥലം തദ്ദേശ സ്ഥാപനത്തിന് കൈമാറും. പിന്നീട് ഈ വിനോദ കേന്ദ്രത്തിൽ നിന്നുള്ള വരുമാനം കേന്ദ്രത്തിന്റെ പരിപാലനത്തിനായി തദ്ദേശ സ്ഥാപനത്തിന് പ്രയോജനപ്പെടുത്താം. മൂന്ന് വർഷം മുൻപേ ടൂറിസം വകുപ്പ് പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോർപ്പറേഷൻ അധികൃതർ നടപടികൾ വൈകിപ്പിക്കുകയായിരുന്നു.

സ്പോട്ടുകളിൽ പ്രധാനം

 തിരുമുല്ലാവാരം ബീച്ചിൽ വിദേശ സഞ്ചാരിൾക്കായി സൺ ബാത്ത്.

 താന്നി, തങ്കശേരി എന്നിവിടങ്ങളിൽ

വാട്ടർ സ്പോർട്സ്.

 ലിങ്ക് റോഡിന് സമീപം അഷ്ടമുടിക്കായലിൽ

റോപ്പ് വേ, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്.

അഞ്ചാലുംമൂട് കൊച്ചുകായൽ, സാമ്പ്രാണിക്കോടി,

മൺറോതുരുത്ത്, പരവൂർ എന്നീ ഭാഗങ്ങളെ

ബന്ധിപ്പിച്ച് ബോട്ട് സർവീസ്

ഡെസ്റ്റിനേഷൻ ചലഞ്ച്

തദ്ദേശ സ്ഥാപന പരിധിയിലെ വിനോദ സഞ്ചാര സാദ്ധ്യതയുള്ള പ്രദേശത്തിന്റെ വികസനത്തിന് ആവശ്യമായ തുകയുടെ 60 ശതമാനം ടൂറിസം വകുപ്പ് വഹിക്കുന്നതാണ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി. ഇത്തരത്തിൽ 50 ലക്ഷം രൂപ ടൂറിസം വകുപ്പ് നൽകും. തദ്ദേശ സ്ഥാപനം പദ്ധതിയുടെ വിശദമായ രൂപരേഖയും വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിയും സഹിതം ടൂറിസം വകുപ്പിന് സമർപ്പിക്കണം.