ഭർത്താവ് ശിവപ്രസാദിന് ഉർവ്വശി ജഗദമ്മ
ഉർവ്വശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച് ഉർവ്വശി നായികയാവുന്ന ചിത്രത്തിന് 'എൽ. ജഗദമ്മ ഏഴാംക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ്" എന്ന് പേരിട്ടു. ഉർവ്വശിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് തുടങ്ങിയവരും വേഷമിടുന്നു. ഡിസംബർ 10ന് കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവ്വശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. വിജി തമ്പി സംവിധാനം ചെയ്ത ഉർവ്വശി, കെ. പി. എസ്. സി ലളിത, കൽപന, ജഗതീഷ് ശ്രീകുമാർ, മനോജ് കെ. ജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം ഉർവ്വശി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഉർവര ഫിലിംസിന്റെ ബാനറിൽ ഉർവ്വശി നിർമ്മിച്ച ആദ്യ ചിത്രമായിരുന്നു പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ടിന്റെ കഥയും ഉർവ്വശിയുടേതായിരുന്നു. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഉത്സവമേളം എന്ന ചിത്രത്തിനും ഉർവ്വശി കഥ എഴുതിയിട്ടുണ്ട്. ഭർത്താവ് ശിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവ്വശി നായികയായി അഭിനയിക്കുന്നു എന്ന വാർത്ത കേരള കൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഛായാഗ്രഹണം അനിൽ നായർ, അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, പി. ആർ. ഒ എ. എസ്. ദിനേശ്.