രക്ഷകരായി റാറ്റ് - ഹോൾ മൈനേഴ്സ്

Wednesday 29 November 2023 1:18 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡ് രക്ഷാദൗത്യത്തിൽ ഹൈടെക് അമേരിക്കൻ യന്ത്രം പരാജയപ്പെട്ടിടത്ത് രക്ഷയായത് നിരോധിക്കപ്പെട്ട റാറ്റ് - ഹോൾ മൈനർമാർ. രക്ഷാദൗത്യത്തിന് ആവർത്തിച്ചു തടസ്സം നേരിടുകയും ഓഗർ ഡ്രില്ലിംഗ് യന്ത്രം തകരുകയും ചെയ്‌തപ്പോൾ എലി മാളം തുരക്കുന്നപോലുള്ള ‘റാറ്റ് ഹോൾ മൈനിംഗ് രീതി ഉപയോഗിച്ചാണ് രക്ഷാപൈപ്പുകൾ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമി എൻജിനിയർമാർക്കൊപ്പം ഡൽഹിയിൽ നിന്നും ഝാൻസിയിൽ നിന്നും പന്ത്രണ്ടംഗ സംഘമാണ് എത്തിയത്. പരമ്പരാഗതമായി മൈനിംഗ് തൊഴിലാളികളാണ്.

 റാറ്റ് - ഹോൾ മൈനിംഗ്

അപകടകരവും അശാസ്‌ത്രീയവുമായതിനാൽ നിരോധിക്കപ്പെട്ട കൽക്കരി ഖനന രീതിയാണ് റാറ്റ് ഹോൾ മൈനിംഗ്. മേഘാലയയിൽ ഇപ്പോഴും തുടരുന്നു. കഷ്‌ടിച്ച് ഒരാൾക്ക് കയറാവുന്ന ചെറിയ തുരങ്കങ്ങളുണ്ടാക്കിയാണ് കൽക്കരി ഖനനം ചെയ്യുന്നത്. നാല് അടി വലിപ്പമുള്ള കുഴികൾ എടുക്കും. കൈകൊണ്ട് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൊണ്ടാണ് തുരക്കുന്നത്. ഈ കുഴികളിലൂടെ തൊഴിലാളികൾ കയറുകളോ മുളകൊണ്ടുള്ള ഏണികളോ ഉപയോഗിച്ച് കൽക്കരി തടങ്ങളിൽ എത്തുന്നു. പിക്കാക്സുകൾ, ചട്ടുകങ്ങൾ, കൊട്ടകൾ തുടങ്ങിയവ കൊണ്ട് കൽക്കരി വേർതിരിച്ചെടുക്കും.

റാറ്റ് ഹോൾ ഖനനം രണ്ട് തരത്തിൽ. ഒന്ന് സൈഡ് കട്ടിംഗ്. കുന്നിൻ ചരിവുകളിൽ ഇടുങ്ങിയ തുരങ്കങ്ങൾ കുഴിക്കും. കൽക്കരി കണ്ടെത്തുന്നതുവരെ തൊഴിലാളികൾ അകത്തേക്ക് പോകും. രണ്ട്, ബോക്സ് കട്ടിംഗ്. 10 മുതൽ 100ചതുരശ്ര മീറ്റർ വരെ ചതുരാകൃതിയിൽ തുറസ്സുണ്ടാക്കും. അതിൽ 100 മുതൽ 400 അടി വരെ ആഴത്തിൽ ലംബമായി കുഴിക്കും. കൽക്കരി കണ്ടെത്തിയാൽ, എലി മാളം പോലെ വശങ്ങളിലേക്ക് തുരക്കും. അതിലൂടെ തൊഴിലാളികൾ കൽക്കരി ശേഖരിക്കും. മഴക്കാലത്ത് വെള്ളം കയറിയും മറ്റും അപകടങ്ങളും മരണങ്ങളും കൂടിയപ്പോൾ 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഈ രീതി നിരോധിച്ചു.

Advertisement
Advertisement