ധനുവച്ചപുരത്ത് എസ്.എഫ്.ഐ - എ.ബി.വി.പി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
ഉദിയൻകുളങ്ങര: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികളും ഐ.ടി.ഐയിലേയും ഐ.എച്ച്.ആർ.ഡിയിലേയും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്. ഗുരുതര പരിക്കുകളോടെ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം.
ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം കോളേജ് റോഡ് വഴി നടന്നുവന്ന എ.ബി.വി.പി പ്രവർത്തകരായ വിദ്യാർത്ഥികളെ ഐ.എച്ച്.ആർ.ഡിയിലെയും ഐ.ടി.ഐയിലെയും എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ സംഘം ചേർന്ന് തടഞ്ഞുനിറുത്തി. ഇത് സംഘർഷത്തിന് കാരണമായി. എന്നാൽ നാട്ടുകാർ ഇടപെട്ടതോടെ സംഘർഷം ഒഴിവായി.
എന്നാൽ പിന്നീട് രണ്ട് ബൈക്കുകളിലായി വന്ന വി.ടി.എം എൻ.എസ്.എസ് കോളേജിലെ നാല് വിദ്യാർത്ഥികളെ ഐ.ടി.ഐയിലേയും ഐ.എച്ച്.ആർ.ഡിയിലേയും എസ്.എഫ്.ഐ പ്രവർത്തകർ ഇരുമ്പ് കമ്പികൊണ്ട് എറിഞ്ഞുവീഴ്ത്തി മർദ്ദിക്കുകയായിരുന്നു. ഇതിൽ എൻ.എസ്.എസ് കോളേജിലെ മലയാളം, പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളായ ആരോമൽ (19), ജിഷ്ണു (19),ഗോകുൽ (19), യതു (19) എന്നിവർക്ക് പരിക്കേറ്റു. ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ഇതിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ആരോമൽ മെഡിക്കൽകോളേജ് ഐ.സി.യുവിൽ ചികിത്സയിലാണ്.
സംഭവമറിഞ്ഞ് ധനുവച്ചപുരം കോളേജിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തിയെങ്കിലും പൊലീസ് അവരെ തടഞ്ഞു. സംഘർഷത്തിൽ ഐ.എച്ച്.ആർ.ഡി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ സഞ്ജീവൻ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ സഞ്ജീവന്റെ കൈ എ.ബി.വി.പി പ്രവർത്തകർ തല്ലിയൊടിച്ചെന്ന് ആരോപിച്ച് ഐ.എച്ച്.ആർ.ഡി, ഐ.ടി.ഐ വിദ്യാർത്ഥികളും സംഘംചേർന്നു കോളേജ് ജംഗ്ഷനിൽ എത്തി. ഇവരെ പൊലീസ് തടഞ്ഞെങ്കിലും എസ്.എഫ്.ഐക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് അക്രമാസക്തരായ എസ്.എഫ്.ഐ വിദ്യാർത്ഥികളും പൊലീസുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ബൈക്കുകൾ അടിച്ചു തകർക്കുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചത്. പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തു. സംഭവത്തെ തുടർന്ന് വെള്ളിയാഴ്ച വരെ വി.ടി.എം എൻ.എസ്.എസ് കോളേജിൽ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.