അബിഗേലിനെ തട്ടികൊണ്ടുപോയവരെക്കുറിച്ച് ഇനിയും സൂചനയില്ലാതെ പൊലീസ്; വാഹനവും വീടും കണ്ടെത്താനായില്ല

Wednesday 29 November 2023 7:17 AM IST

കൊല്ലം: അബിഗേലിനെ തട്ടികൊണ്ടുപോയവരെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ സഞ്ചരിച്ച വാഹനവും കുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ട്. ചന്ദനത്തോപ്പ് കുഴിയം സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം.നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്.

രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. മോഷണക്കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.