പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉഗ്രൻ അടി; ഒടുവില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്

Wednesday 29 November 2023 2:48 PM IST

ന്യൂഡല്‍ഹി: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അടിപിടികാരണം വലഞ്ഞത് ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും. ജര്‍മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന ലുഫ്താന്‍സ വിമാനം എല്‍എച്ച് 772 ആണ് ഡല്‍ഹി വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.

വിമാനയാത്രക്കിടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് അടിപിടിയായി മാറുകയുമായിരുന്നു. അധികൃതര്‍ ഇടപെട്ട് ഇരുവരേയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ പൈലറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്താണെന്ന് അറിയില്ലെന്നും പ്രശ്‌നം രൂക്ഷമാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഇറക്കാന്‍ തീരുമാനിച്ചതെന്നും ഡല്‍ഹി എയര്‍പോര്‍ട്ട് ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

വിമാനം പാകിസ്ഥാനില്‍ ഇറക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും അവര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഇറക്കിയത്. ഇതിന് പിന്നാലെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.