കുഞ്ഞുങ്ങൾ കുറയുന്ന കേരളം

Thursday 30 November 2023 2:56 AM IST

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ പല പ്രത്യേകതകളും പുലർത്തിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാനം. അതോടൊപ്പം ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ കാര്യത്തിലും നമ്മൾ ഏറെ മുന്നിലായിരുന്നു. എന്നാൽ ഈ മേഖലകളിലൊക്കെ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിൽ മറ്റ് സംസ്ഥാനങ്ങൾ നമ്മളെക്കാൾ മികച്ച നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞു. വികസന കാര്യത്തിലും ദേശീയപാത ലോക നിലവാരത്തിൽ ഒരുക്കുന്നതിലും മറ്റും മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ അപേക്ഷിച്ച് ഏറെ മുന്നിലാണ്.

അമ്പതുകളിലും അറുപതുകളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജോലി തേടി അന്യനാടുകളിലേക്കും വിദേശങ്ങളിലേക്കും പോകുന്നവർ അപൂർവമായിരുന്നു. എന്നാൽ അക്കാലം മുതൽ തന്നെ കേരളത്തിൽ നിന്നുള്ള വനിതകളും പുരുഷന്മാരും ജോലി തേടി വിദേശങ്ങളിലേക്ക് പോയിരുന്നു. അവർ അയച്ച പണം കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. വലിയ വീടുകളും ഉയർന്നുവന്നു. വലിയ വ്യവസായശാലകളൊന്നും പ്രവർത്തിക്കുന്നില്ലെങ്കിലും കേരളം ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഉയർച്ച പ്രാപിച്ചത് ഈ വിദേശ പണത്തിന്റെ സഹായത്താൽ കൂടിയാണ്. ലോകത്താകമാനമുള്ള നഴ്‌‌സിംഗ് മേഖലയിലേക്ക് ഏറ്റവും കൂടുതൽ പേരെ സംഭാവന ചെയ്‌തിട്ടുള്ള സംസ്ഥാനം കൂടിയാണ് കേരളം.

എന്നാൽ ആഗോളവത്‌കരണ കാലഘട്ടത്തിനു ശേഷം കേരളത്തിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്ന് വന്നുകൊണ്ടിരുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞതാണ് അതിലൊന്ന്. അതോടൊപ്പം ഇവിടെ നിന്ന് വിദ്യാഭ്യാസ ചെലവിനും മറ്റുമായി പണം വിദേശങ്ങളിലേക്ക് ഒഴുകാനും തുടങ്ങിയിരിക്കുന്നു. വിദേശങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ വിടുന്നത് ഒരു വലിയ ട്രെൻഡായി കേരളത്തിൽ മാറിയിരിക്കുകയാണ്. ഇപ്പോൾ വിദേശത്തേക്കു പോകുന്നവർ പഴയതുപോലെ നാട്ടിലേക്ക് തിരിച്ചുവരാൻ താത്പര്യം കാണിക്കുന്നില്ല എന്നതാണ് മറ്റൊരു തിരിച്ചടി. കേരളത്തിലെ ചെറിയ ജോലികൾ പോലും ചെയ്യുന്നത് ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ്. ഭാവിയിൽ അന്യസംസ്ഥാനക്കാരുടെ എണ്ണം കൂടുകയും മലയാളികളുടെ എണ്ണം കുറയുകയും ചെയ്യുമോ എന്നുപോലും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ഞങ്ങളുടെ ലേഖകൻ കെ.എസ്. അരവിന്ദ് എഴുതിയ, 'കുഞ്ഞുങ്ങൾ കുറഞ്ഞ് കേരളം" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖ്യവാർത്ത ഈ ആശങ്കയ്ക്ക് അടിവരയിടുന്നതാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കുഞ്ഞുങ്ങളുടെ ജനനത്തിൽ 25 ശതമാനമാണ് കുറവ് സംഭവിച്ചിരിക്കുന്നത്. 2011-ൽ 5,60,268 കുട്ടികളാണ് ജനിച്ചത്. 2021-ലാകട്ടെ 4,19,767 കുട്ടികൾ മാത്രം. എറണാകുളത്ത് 46 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ശതമാനം കുറഞ്ഞു. സർക്കാർ ജോലി കിട്ടിയിട്ടു മതി കുഞ്ഞെന്ന് ഒരുവിഭാഗം ചിന്തിക്കുമ്പോൾ വിദേശത്തേക്കു പോകാൻ വേണ്ടി ഗർഭധാരണം ഒഴിവാക്കുകയാണ് മറ്റൊരു വിഭാഗം. അടുത്ത പത്തുവർഷത്തിനുള്ളിൽ പുതിയ തലമുറ കേരളത്തിൽ കാര്യമായി കുറയുമെന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. അങ്ങനെ വരുമ്പോൾ മുതിർന്നവർക്ക് ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരും. വൃദ്ധസദനങ്ങളുടെ എണ്ണം കൂടും. വിദ്യാലയങ്ങളുടെ എണ്ണം കുറയും.

മികച്ച സാമ്പത്തിക സാമൂഹ്യ ചുറ്റുപാടുള്ള പാശ്ചാത്യ നാടുകളിൽ പോയി സ്ഥിരതാമസമാക്കാനുള്ള പ്രവണത ഇവിടത്തെ ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്നതിന്റെ കാരണത്തെക്കുറിച്ച് സർക്കാർ വിശശമായ പഠനം നടത്തേണ്ടതാണ്. കുറഞ്ഞ ശമ്പളമാണ് പലരും ഇവിടെ നിൽക്കാൻ ആഗ്രഹിക്കാത്തതിന്റെ പ്രധാന കാരണം. കൂടുതൽ ശമ്പളം നൽകാൻ പറ്റുന്ന രീതിയിലുള്ള സംരംഭങ്ങൾ ഇവിടെ ഉണ്ടാകുന്നുമില്ല. നിലവിൽ കേരളത്തിൽ ഏകദേശം 45 ലക്ഷം പേർ 60 വയസ് കഴിഞ്ഞവരാണ്. ജനസംഖ്യയിലുണ്ടായിട്ടുള്ള കുഞ്ഞുങ്ങളുടെ കുറവ് വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേരളം ചിന്തിച്ചു തുടങ്ങേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്.