ചന്ദ്രയാൻ- 3യ്ക്ക് പിൻഗാമി: നാസ പേടകവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക്

Thursday 30 November 2023 4:56 AM IST

#ദൗത്യം ചന്ദ്രയാന്റെ തുടർ ഗവേഷണങ്ങൾ

തിരുവനന്തപുരം:ചന്ദ്രയാൻ- 3 പേടകം വിജയകരമായി ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അമേരിക്കൻ പേടകവും. അടുത്ത വർഷം യു.എസിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പേടകം അവിടെ ലാൻഡ് ചെയ്യുമെന്ന് ഇന്ത്യ സന്ദർശിക്കുന്ന നാസയുടെ മേധാവി ബിൽ നെൽസൺ പറഞ്ഞു. ചന്ദ്രയാന്റെ തുടർ ഗവേഷണങ്ങളായിരിക്കും അവ നടത്തുക.

ഇതാദ്യമായാണ് നാസയുടെ മേധാവി ഇന്ത്യയിലെത്തുന്നത്.ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും യു.എസ് ബഹിരാകാശ ഏജൻസിയായ നാസയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്കായി എത്തിയതാണ് അദ്ദേഹം.ഭാവി പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി ബിൽ നെൽസൺ ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗിനെ കണ്ടു. ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വകാര്യ കമ്പനികളുമായും വിദ്യാർത്ഥികളുമായും അദ്ദഹം കൂടിക്കാഴ്ച നടത്തും. നാസയും ഐ.എസ്.ആർ.ഒയും ആദ്യമായി സഹകരിക്കുന്ന നിസാർ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ബഹിരാകാശ പേടക നിർമാണശാല നെൽസൺ സന്ദർശിക്കും. ഭൗമനിരീക്ഷണ സംവിധാനമായ നിസാർ 2024ൽ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഭൂമിയിലെ ആവാസ വ്യവസ്ഥകൾ,പർവത,ധ്രുവ ക്രയോസ്ഫിയർ,കടൽ മഞ്ഞ്,തീരദേശ സമുദ്രങ്ങൾ,വിവിധ കാലാവസ്ഥകൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനാകും.

നാസ മേധാവിയുടെ

ഉറപ്പുകൾ

*സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ സന്നദ്ധം.

*2024ൽ അന്താരാഷ്ട്ര ബഹിരാകാശനിലയം സന്ദർശിക്കുന്നതിന് ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് പരിശീലനം

*ഐ.എസ്.ആർ.ഒയുമായുള്ള നാസയുടെ പങ്കാളിത്തം വളർത്തുന്നതിന് കൂടുതൽ ചർച്ച.

*സീറോ ഗ്രാവിറ്റിയിൽ മരുന്നുകളുടെ ഗവേഷണം ഉൾപ്പെടെ ഇന്ത്യയുമായി ചേർന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ നിലയങ്ങൾ.

പ്രതിച്ഛായ മാറ്റിയ

ചന്ദ്രയാൻ 3

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയാണ് ചന്ദ്രയാൻ 3 പേടകം വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയത്. ഇതോടെ ഇന്ത്യ ബഹിരാകാശ പഠനങ്ങളുടെ മുൻനിര പങ്കാളിയായി മാറിയെന്ന് നാസ മേധാവി. ആദ്യ ശുക്ര ദൗത്യം, ഗഗൻയാൻ,ചന്ദ്രയാൻ 4 തുടങ്ങിയ പദ്ധതികളും ഇന്ത്യ ആസൂത്രണം ചെയ്തിട്ടുണ്ട്. 2035ൽ ഇന്ത്യ സ്വതന്ത്ര്യമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും, 2040ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യ ആദ്യമായി ബഹിരാകാശ യാത്രികനെ അയയ്ക്കുന്ന ദൗത്യമായ ഗഗൻയാൻ പദ്ധതിക്കുള്ള വിവിധ കാര്യങ്ങളിൽ നാസ പരിശോധന നടത്താൻ സഹായിക്കും. ദൗത്യത്തിനായുള്ള മൊഡ്യൂൾ മൈക്രോമെറ്റിറോയിഡ്, ഓർബിറ്റൽ ഡെബ്രിസ് (എംഎംഒഡി) പ്രൊട്ടക്ഷൻ ഷീൽഡുകൾ എന്നിവ

ആയിരിക്കും നാസയുടെ ഹൈപ്പർവെലോസിറ്റി ഇംപാ്ര്രക് ടെസ്റ്റ് വഴി പരിശോധിക്കുക.

Advertisement
Advertisement