ആദിവാസികളുടെ ക്ഷേമം 'പി.എം - ജൻമാൻ' മന്ത്രിസഭാ യോഗം അംഗീകരിച്ചു

Thursday 30 November 2023 12:19 AM IST

ന്യൂഡൽഹി: രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാന് (പിഎം-ജൻമാൻ) കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ ഖുന്തിയിൽ ജൻജാതിയ ഗൗരവ് ദിവസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത പദ്ധതി 24,104 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. കേന്ദ്രവിഹിതമായി 15,336 കോടിയും സംസ്ഥാനങ്ങൾ 8,768 കോടിയും നൽകും.

18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും വസിക്കുന്ന 75 സമുദായങ്ങളെ ദുർബലരായ ആദിവാസി വിഭാഗങ്ങളായി (പി.വി.ടി.ജി) തരംതിരിച്ച് പാർപ്പിടം, കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്, ടെലികോം കണക്റ്റിവിറ്റി, സുസ്ഥിര ഉപജീവന സാദ്ധ്യതകൾ എന്നിവ പദ്ധതിയിലൂടെ നടപ്പാക്കും.

4.90ലക്ഷം വീടുകൾ

ഒന്നിന് 2.39ലക്ഷം രൂപ ചെലവിൽ 4.90ലക്ഷം വീടുകൾ

 ആദിവാസി മേഖലകളെ ബന്ധിപ്പിക്കുന്ന 8000 കി.മീ റോഡുകൾ

 4.90 ലക്ഷം വീടുകളിൽ പൈപ്പ് ജലവിതരണം,

 2500 ഗ്രാമങ്ങളിൽ കമ്മ്യൂണിറ്റി ജലവിതരണം

 ഒരു ജില്ലയിൽ പത്ത് വീതം 1000 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ

 500 ഹോസ്റ്റലുകൾ

 തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവും

 2500 അങ്കണവാടികൾ

 3000 ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കൽ