വന്ദേ ഭാരതും വന്ദേ സാധാരണും വന്നു, ഇനി മോദി സർക്കാർ കൊണ്ടുവരിക ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ പുത്തൻ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രി

Thursday 30 November 2023 12:04 AM IST

അഹമ്മദാബാദ്: പുറത്തിറക്കി നാളുകൾക്കകം തന്നെ വൻ ഹിറ്റായ വന്ദേ ഭാരത് ട്രെയിനുകളും സെക്കന്റ് ക്ളാസ് അൺ റിസർവ്ഡ്,​ സെക്കന്റ് ക്ളാസ് 3 ടയർ സ്ളീപ്പർ അടങ്ങിയ നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ എന്നിവയ്‌ക്ക് പുറമേ വൈകാതെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകളും ഓടുമെന്ന് കേന്ദ്രം സൂചന നൽകിയിരുന്നു. 2026 ഓഗസ്റ്റോടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ എവിടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് നടത്തിയ പ്രഖ്യാപനമനുസരിച്ച് ഗുജറാത്തിലെ ബിലിമോറ മുതൽ സൂറത്ത് വരെയുള്ള 50 കിലോമീറ്റർ ദൂരമാകും ഇത്. റെയിൽവെയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഒഡീഷയിലെ ബാലസോറിൽ 300ഓളം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലൂടെ ചർച്ചയായ കവച് സുരക്ഷാ സംവിധാനത്തെക്കുറിച്ചും പറഞ്ഞ മന്ത്രി രാജ്യത്തെ വിവിധയിടങ്ങളിൽ ട്രെയിനും ആനകളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ഗജരാജ് സുരക്ഷാ സംവിധാനത്തെ കുറിച്ചും പറഞ്ഞു.

കൊവിഡിന് മുൻപ് രാജ്യത്തെ യാത്രാട്രെയിനുകൾ 1768 മെയിൽ അല്ലെങ്കിൽ എക്‌സ്‌പ്രസ് ട്രെയിനുകളായിരുന്നെങ്കിൽ ഇപ്പോഴത് 2124 ആയതായും റെയിൽവെ മന്ത്രി പറഞ്ഞു. സബർബൻ,​ പാസഞ്ചർ സർവീസുകളും കൂടി. 2022-23ൽ 640 കോടി ആളുകൾ യാത്ര ചെയ്‌തെങ്കിൽ 2023-24ൽ 750 കോടിയാണ് ലക്ഷ്യമിടുന്നത്. വിവിധയിടങ്ങളിൽ പണി പൂർത്തിയാകുന്ന റെയിൽവെ പാലങ്ങളുടെ ദൃശ്യങ്ങളും കേന്ദ്ര മന്ത്രി പങ്കുവച്ചു.

Advertisement
Advertisement