ആകാശത്ത് വച്ച് വഴക്ക് വിമാനം നിലത്തിറക്കി

Thursday 30 November 2023 1:13 AM IST

ന്യൂഡൽഹി: ആകാശത്ത് വച്ച് പൊരിഞ്ഞ അടി. ഒടുവിൽ അടി സഹിക്കാനാകാതെ വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കി. മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ എൽ.എച്ച് 772 ലുഫ്താൻസ വിമാനമാണ് ദമ്പതിമാരുടെ കലഹത്തെത്തുടർന്ന് അടിയന്തരമായി ഇറക്കിയത്.

വിമാനം പുറപ്പെട്ടതിനു പിന്നാലെ ജർമ്മൻ സ്വദേശിയായ ഭർത്താവും തായ്ലൻഡ് സ്വദേശിയായ യുവതിയും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച് യുവതി പൈലറ്രിനോട് പരാതിപ്പെടുകയും ഭീഷണിയുണ്ടെന്ന് പറയുകയും ചെയ്‌തു.

വിമാനത്തിലെ കാബിൻ ക്രൂവും യാത്രക്കാരും ഇടപെട്ടെങ്കിലും തർക്കം പരിഹരിക്കാനായില്ല. തുടർന്ന് വിമാനം നിലത്തിറക്കാൻ തീരുമാനിച്ചു. പാകിസ്ഥാനിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്നാണ് ഡൽഹിയിൽ ഇറക്കിയത്.

വിമാനത്തിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ന്യൂയോർക്ക്- ഡൽഹി വിമാനത്തിൽ ജീവനക്കാരിയെ അധിക്ഷേപിച്ച യാത്രക്കാരനെതിരെ കേസ് എടുത്തിരുന്നു.

സംഭവം ജർമ്മൻ എംബസിയെ അറിയിക്കുന്നതിനിടെ ഇയാൾ വിമാനത്താവള അധികൃതരോട് മാപ്പുപറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഇയാളെ ഇന്ത്യൻ സുരക്ഷാഏജൻസികൾക്ക് കൈമാറണോ ജർമ്മനിയിലേക്ക് തിരിച്ചയക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡൽഹി പൊലീസും സി.ഐ.എസ്.എഫും സംഭവസ്ഥലത്തുണ്ടായിരുന്നു. ദമ്പതികൾ കലഹമുണ്ടാക്കാനുള്ള കാരണം വ്യക്തമല്ല.

Advertisement
Advertisement