യു.എൻ കാലാവസ്ഥാ ഉച്ചകോടി ഇന്ന് മുതൽ
ദുബായ് : ഐക്യരാഷ്‌ട്ര സഭയുടെ ( യു.എൻ ) ഇക്കൊല്ലത്തെ കാലാവസ്ഥാ ഉച്ചകോടിയായ ' കോപ് 28' ഇന്ന് യു.എ.ഇയിലെ ദുബായ് എക്സ്പോ സിറ്റിയിൽ തുടങ്ങും. ഡിസംബർ 12 വരെയാണ് ഉച്ചകോടി. ആഗോള കാലാവസ്ഥാ വെല്ലുവിളികളും ഈ വർഷം ലോകത്തുണ്ടായ കാലാവസ്ഥാ പ്രതിസന്ധികളും ചർച്ചയാകും.
പ്രധാന മന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി 140ലേറെ രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല. ആരോഗ്യകാരണങ്ങളാൽ ഫ്രാൻസിസ് മാർപാപ്പയും ഉച്ചകോടിക്കെത്തില്ല. പ്രധാനമന്ത്രി മോദി ഇന്ന് ദുബായിലേക്ക് തിരിക്കും. ഉച്ചകോടിക്കിടെ ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന അദ്ദേഹം നാളെ ഇന്ത്യയിലേക്ക് മടങ്ങും.
70,000ത്തോളം പേർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് കരുതുന്നു. 1995 മുതൽ എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന നടത്തുന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ക്ലൈമറ്റ് കോൺഫറൻസസ് ഒഫ് ദ പാർട്ടീസ് അഥവാ കോപ്. ഇതിന്റെ 28-ാം പതിപ്പാണ് ഇത്തവണ.