ശീതകാലയുദ്ധ തന്ത്രങ്ങളുടെ ശിൽപി; അമേരിക്കയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് ഹെൻറി കിസിംഗർ അന്തരിച്ചു

Thursday 30 November 2023 11:15 AM IST

വാഷിംഗ്‌ടൺ: ശീതയുദ്ധ നയതന്ത്രത്തിന് രൂപം നൽകിയ യുഎസ് നയതന്ത്രജ്ഞൻ ഹെൻറി കിസിംഗർ അന്തരിച്ചു. നൂറ് വയസായിരുന്നു. നയതന്ത്രജ്ഞതയുടെ നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെൻറി നൊബേൽ സമ്മാന ജേതാവും മുൻ യുഎസ് സുരക്ഷാ ഉപദേഷ്ടാവും ആയിരുന്നു. ഇന്നലെ യു എസ് കണക്‌ടികട്ടിലുള്ള സ്വവസതിയിലായിരുന്നു അന്ത്യമെന്ന് കിസിംഗർ അസോസിയേറ്റ്‌സ് അറിയിച്ചു.

കിസിംഗർ മികച്ച രാഷ്ട്രീയക്കാരനും രാഷ്ട്രീയ തത്വചിന്തകനുമായിരുന്നു. അമേരിക്കയുടെ ശീതകാലയുദ്ധ തന്തങ്ങളുടെ ശിൽപിയെന്ന് അറിയപ്പെടുന്ന കിസിംഗറെ ധാർമിക ആശയങ്ങൾക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായാണ് കണക്കാക്കപ്പെടുന്നത്. ശതാബ്ദിക്ക് ശേഷവും പ്രവർത്തനമണ്ഡലത്തിൽ സജീവമായിരുന്നു അദ്ദേഹം. വൈറ്റ് ഹൗസ് യോഗങ്ങളിൽ പതിവായി പങ്കെടുത്തിരുന്നു. നേതൃത്വശൈലികളെക്കുറിച്ച് ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചു. ഉത്തര കൊറിയയുടെ ആണവ ഭീഷണികളുമായി ബന്ധപ്പെട്ട് സെനറ്റ് കമ്മിറ്റിയ്ക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തൽ നടത്തി. കഴിഞ്ഞ ജൂലായിൽ ബീജിംഗിലെത്തിയ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി.

ഹെയിൻസ് ആൽഫ്രഡ് കിസിംഗർ എന്നാണ് പൂർണനാമം. 1923 മേയ് 27ന് ജർമനിയിൽ ഒരു ജൂതകുടുംബത്തിലായിരുന്നു ഹെൻറി ജനിച്ചത്. യൂറോപ്യൻ ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള നാസി നീക്കത്തിന് മുമ്പ് 1938ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. 1943ൽ യുഎസ് പൗരത്വം നേടി. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. സ്കോളർഷിപ്പോടെ ഹാർവാർഡ് സർവകലാശാലയിൽ എത്തിയ അദ്ദേഹം 1952ൽ ബിരുദാനന്തര ബിരുദവും 1954ൽ ഡോക്ടറേറ്റും നേടി. 17 വർഷക്കാലം ഹാർവാർഡിൽ അദ്ധ്യാപകനായിരുന്നു.

അമേരിക്കയിലെ റിപ്പബ്ളിക്കൻ പാർട്ടി പ്രസിഡന്റുമാരായ റിച്ചാർഡ് നിക്‌സൺ, ജെറാൾഡ് ഫോഡ് എന്നിവർക്ക് കീഴിൽ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു. നിക്‌സണിന്റെ ഭരണകാലത്താണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ടിച്ചത്. രണ്ട് പദവികളും വഹിച്ച ഒരേയൊരു അമേരിക്കൻ പൗരനാണ് കിസിംഗർ.

വിയറ്റ്‌നാം യുദ്ധത്തിലും ബംഗ്ളാദേശ് വിമോചന യുദ്ധത്തിലും നിർണായക പങ്ക് വഹിച്ചു. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക കംബോഡിയയി ബോംബിട്ടത് കിംസിഗറുടെ നി‌ർദേശപ്രകാരമായിരുന്നു. ചിലിയിലെയും അർജന്റീനയിലെയും പട്ടാള അട്ടിമറികളെ പിന്തുണച്ചു. 1973​​​ൽ നോർത്ത് വിയറ്റ്‌നാമിലെ ലെ ഡക് തോയുമായി സമാധാനത്തിനുള്ള നൊബേൽ പങ്കിട്ടത് വലിയ വിവാദമായിരുന്നു. ലെ ഡക് നൊബേൽ നിരസിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ നൊബേൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ രാജിവച്ചതും ലോകശ്രദ്ധ നേടിയിരുന്നു.

Advertisement
Advertisement