പൊന്നോമനകളായ നായകൾക്ക് വേണ്ടിയുളള പെർഫ്യൂം സിംപിളായി വീട്ടിലുണ്ടാക്കാം

Thursday 30 November 2023 1:33 PM IST

നായകളെ വീട്ടിൽ വളർത്തുന്നവരാണോ നിങ്ങൾ? അവയ്ക്കാവശ്യമായ ഭക്ഷണം നൽകുന്നത് പോലെ പ്രധാനപ്പെട്ടതാണ് ശുചിത്വവും. കുറഞ്ഞത് പത്ത് ദിവസങ്ങളുടെ ഇടവേളയിൽ വളർത്തുനായകളെ ഉറപ്പായും കുളിപ്പിക്കണമെന്നാണ് വെറ്റിനറി ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

ഷാംപൂ ഉപയോഗിച്ചാലും നായകളിലെ ദുർഗന്ധം മാറണമെന്നില്ല. എന്നാൽ ഇനി അതിനായി വിലപിടിപ്പുളള അനിമൽ പെർഫ്യൂമുകൾ വാങ്ങി പണം കളയേണ്ട. അധികം പണച്ചെലവില്ലാതെ വെറും മൂന്ന് വസ്തുക്കൾ ഉപയോഗിച്ച് വളർത്തുനായകൾക്കായി ഒരു പെർഫ്യൂം തയ്യാറാക്കാവുന്നതാണ്.

പെർഫ്യൂം തയ്യാറാക്കാൻ ഉപയോഗിക്കുന്ന കുപ്പിയിലേക്ക് 75 ശതമാനത്തോളം ശുദ്ധജലമെടുക്കുക. ശേഷം ഇതിലേക്ക് 25 ശതമാനത്തോളം റോ ആപ്പിൾ സൈഡർ വിനിഗർ ചേർത്തുകൊടുക്കുക. ഇവയെ നന്നായി യോജിപ്പിച്ചതിന് ശേഷം സുഗന്ധത്തിനായി നാല് മുതൽ അഞ്ച് തുളളി വാനില എസെൻഷ്യൽ ഓയിൽ കൂടി ചേർത്തുകൊടുക്കാം, തയ്യാറാക്കിയ പെർഫ്യൂം ആവശ്യാനുസരണം നായകളിൽ സ്‌പ്രേ ചെയ്തുകൊടുക്കാവുന്നതാണ്.

വളർത്തുനായകൾക്ക് ഏതെങ്കിലും വിധത്തിൽ മുറിവുകൾ ഉണ്ടായാൽ വൈറ്റമിൻ ഇ ഓയിൽ പുരട്ടുന്നത് ഉത്തമമായിരിക്കും. കൂടാതെ നായകളുടെ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതായിരിക്കും.