പതിവായി കാണുന്ന സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തം; ബോളിവുഡ് നടൻ വിവാഹിതനായത് മണിപ്പൂരി രീതിയിൽ
ബോളിവുഡ് താരം രൺദീപ് ഹൂഡയ്ക്കും നടിയും മോഡലുമായ ലിൻ ലൈഷ് റാമിനുമിത് പ്രണയസാഫല്യ നിമിഷം. തങ്ങളുടെ വിവാഹ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സാധാരണയായി കണ്ടുവരുന്ന ബോളിവുഡ് താരങ്ങളുടെ അത്യാഡംബര വിവാഹങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇവരുടേത്. വിവാഹം ലളിതവും, പരമ്പരാഗതമായ മണിപ്പൂരി രീതിയിലുള്ളതുമായതിനാലാണ് ഇത്രയും ശ്രദ്ധേയമാകാൻ കാരണം. 'ഇന്നുമുതൽ ഞങ്ങൾ ഒന്ന്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
മണിപ്പൂരി സ്വദേശിനിയായ ലിൻ ലൈഷ് റാം മെയ്തി വിഭാഗത്തിൽപ്പെടുന്നയാളാണ്. വധൂ - വരന്മാരുടെ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമെല്ലാം പ്രത്യേകതകളുണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലയുള്ള വസ്ത്രങ്ങളും മറ്റുമാണ് ഇപ്പോഴുള്ള സെലിബ്രിറ്റികൾ വിവാഹത്തിനായി ധരിക്കുന്നത്. എന്നാൽ രൺദീപ് ഹൂഡയും ഭാര്യയും പരമ്പരാഗത മണിപ്പൂരി വസ്ത്രങ്ങളാണ് ധരിച്ചത്.
രൺദീപ് ഹൂഡ വെള്ളയും സ്വർണ്ണ നിറവും ഇടകലർന്ന ശിരോവസ്ത്രമാണ് ധരിച്ചത്. പോട്ട്‌ലോയി സ്‌കർട്ടും ബ്ലൗസുമായിരുന്നു ലിന്നിന്റെ വേഷം. കട്ടിയുള്ള തുണിയും മുളയും കൊണ്ടാണ് ഈ വസ്ത്രം നിർമിക്കുന്നത്.മെയ്തി സ്ത്രീകളുടെ വിവാഹ വേഷമാണിത്. ഒപ്പം പരമ്പരാഗതരീതിയിലുള്ള ആഭരണങ്ങളും ധരിച്ചിരുന്നു.