ഇടി പൂരം ഇന്ന് തുടങ്ങുന്നു

Friday 01 December 2023 6:01 AM IST

ജോജു ജോർജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്ട്‌മാൻ ജോഷി സംവിധാനം ചെയ്യുന്ന ആന്റണി ഇന്ന് തിയേറ്ററുകളിൽ എത്തും. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രത്തിൽ മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നെക്സറ്റൽ സ്റ്റുഡിയോസ് ,ആൾട്രാ മീഡിയ എന്റർടെയ്‌ൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമ്മാണം. സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻകുമാർ, ഗോകുൽ വർമ്മ, കൃഷ്ണ രാജൻ എന്നിവരാണ് സഹനിർമ്മാതക്കൾ. വ്യത്യസ്തമായ കഥ പറയുന്ന ചിത്രത്തിന് രാജേഷ് വർമ്മയാണ് തിരക്കഥ. ചിത്രത്തിന്റെ ഒാഡിയോ റൈറ്റ്സ് സരിഗമയും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം നിർവഹിച്ച പൊറിഞ്ചു മറിയം ജോസ് പ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിച്ച ചിത്രമാണ്. മാസ് ആക്ഷൻ രംഗങ്ങളോടെ എത്തിയ ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രമാണ് കാട്ടാളൻ പൊറിഞ്ചു.

ആന്റണി നൽകുന്ന പ്രതീക്ഷ വാനോളമാണ്. പ്രത്യേകിച്ച് ജോഷിയും ജോജുവും വീണ്ടും ഒരുമിക്കുമ്പോൾ.