ഉത്തരാഖണ്ഡ് ടണൽ അപകടം; തൊഴിലാളികൾ ആരോഗ്യവാന്മാർ, വീടുകളിലേക്ക് മടക്കം

Friday 01 December 2023 1:20 AM IST

ഉത്തരകാശി: ഉത്തരാഖണ്ഡ് ടണലിൽ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും പൂർണ ആരോഗ്യവാന്മാരാണെന്ന് എയിംസ് അധികൃതർ. എല്ലാവരും വീടുകളിലേക്ക് മടങ്ങി. ടണലിൽ നിന്ന് പുറത്തെത്തിച്ച ശേഷം വിദഗ്ദ്ധപരിശോധനയ്ക്കാണ് ഇവരെ ഋഷികേശിലെ എയിംസിൽ എത്തിച്ചത്. എല്ലാവർക്കും സമഗ്ര പരിശോധന നടത്തി. എക്‌സ് റേ എടുക്കുകയും ഇ.സി.ജി പരിശോധന നടത്തുകയും ചെയ്‌തു. ആർക്കും പ്രശ്നങ്ങളൊന്നുമില്ല. അതിനാൽ വീട്ടിലേക്ക് മടങ്ങാമെന്നും എയിംസിലെ ഡോക്ടർ രവികാന്ത് അറിയിച്ചു. രണ്ടാഴ്‌ചയ്ക്ക് ശേഷം അടുത്തുള്ള ആശുപത്രിയിൽ പോയി പരിശോധന നടത്തണം. മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനായി കുറച്ചുനാൾ കൂടി തൊഴിലാളികളുമായി ബന്ധപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ജാർഖണ്ഡ് സ്വദേശികൾ മടങ്ങി

ജാർഖണ്ഡ് സ്വദേശികളായ 15 തൊഴിലാളികളെ ഇന്നലെ രാത്രി ഡൽഹിയിൽ എത്തിച്ചു. ഇവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ട്. നിലവിൽ ജാർഖണ്ഡ് ഭവനിലുള്ള അവരെ ഇന്ന് റാഞ്ചിയിലെത്തിക്കും. പിന്നെ വീടുകളിലേക്ക് മടക്കം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ഉടൻ വീടുകളിലെത്തിക്കും.

ചൊവ്വാഴ്‌ച രാത്രി എട്ടോടെയാണ് ആദ്യത്തെ തൊഴിലാളിയെ തുരങ്കത്തിന് പുറത്തെത്തിച്ചത്.

പ്രാർത്ഥന ഫലിച്ചു: ധാമി

ടണൽ രക്ഷാദൗത്യം വിജയിക്കാൻ ലോകം മുഴുവൻ പ്രാർത്ഥിച്ചെന്നും പ്രാർത്ഥന ദൈവം കേട്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തൊഴിലാളികൾ ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നു. എല്ലാ സൗകര്യങ്ങളും സംസ്ഥാനം ചെയ്‌തുകൊടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവിടെ എത്തിയിട്ടുണ്ട്.