97 തേജസ് വിമാനം, 156 പ്രചണ്ഡ് കോപ്ടർ , 2.23 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാട്

Friday 01 December 2023 4:57 AM IST

ന്യൂഡൽഹി: സായുധസേനയുടെ കരുത്ത് കൂട്ടാൻ ഇന്ത്യ സ്വന്തമായി നിർമ്മിച്ച 97 തേജസ് മാർക്ക്-1 എ ലഘു യുദ്ധ വിമാനങ്ങളും 156 പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങാൻ കേന്ദ്ര അനുമതി. 2.23 ലക്ഷം കോടിയുടെ ഇടപാടിൽ കപ്പൽ വേധ മിസൈലുകൾ, ടോവ്ഡ് പീരങ്കികൾ എന്നിവയും ഉൾപ്പെടുന്നു. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സാണ് തേജസ് വിമാനങ്ങളും പ്രചണ്ഡ് കോപ്റ്ററുകളും നിർമ്മിക്കുന്നത്. തേജസ് വ്യോമസേനയ്ക്കും പ്രചണ്ഡ് കര,​ വ്യോമസേനകൾക്കും വേണ്ടിയാണ്. തേജസ്, പ്രചണ്ഡ് ഇടപാട് മാത്രം 1.1 ലക്ഷം കോടി.

റഷ്യൻ സുഖോയ് എസ്‌.യു-30 വിമാനങ്ങളിൽ തദ്ദേശീയ സങ്കേതങ്ങൾ

ഉൾപ്പെടുത്തി നവീകരിക്കാനും അനുമതിയായി.

തദ്ദേശീയമായി നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. 2.2 ലക്ഷം കോടിയുടെ ( 98%) ഓർഡറും ആഭ്യന്തര വ്യവസായ സ്ഥാപനങ്ങൾക്കാണ്. പ്രതിരോധ മേഖലയിൽ ആത്മനിർഭർ പദ്ധതിക്ക് വൻ കുതിപ്പേകുന്നതാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ തീരുമാനം. വിമാനങ്ങളും ആയുധങ്ങളും സേനയിലെത്താൻ പത്ത് വർഷമെങ്കിലും എടുക്കും. ഇക്കാലയളവിൽ നിരവധി തൊഴിലവസരങ്ങളും സൃഷ്‌ടിക്കും.സ്റ്റാർട്ടപ്പുകൾക്കും എം.എസ്.എം.ഇകൾക്കും പങ്കാളിത്തം.

ഇടപാടിൽ ഇവയെല്ലാം:

തേജസ് എം.കെ-1എ: എച്ച്.എ.എല്ലിന്റെ നാലാം തലമുറ യുദ്ധവിമാനം. ഇലക്ട്രോണിക് സ്കാനിംഗ് അറേ റഡാറും ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടും. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാം

 പ്രചണ്ഡ് കോപ്റ്റർ: ഇരട്ട എൻജിൻ. 21,000 അടി ഉയരത്തിൽ പറക്കും. സിയാച്ചിൻ, ലഡാക്ക്, അരുണാചൽ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഫലപ്രദം.

 പീരങ്കികൾ: പഴയ ഫീൽഡ് ഗണ്ണിന് പകരം ആധുനിക ടോവ്ഡ് ഗൺ (കെട്ടിവലിക്കുന്ന ചക്രങ്ങളുള്ള പീരങ്കികൾ). ദീർഘദൂര പ്രഹരത്തിന് നീണ്ട ബാരലുകൾ. 155-എംഎം വെടിക്കോപ്പിനും അനുമതി.

 സുഖോയ് എസ്‌.യു-30 വിമാനത്തിൽ ഇന്ത്യൻ റഡാറുകളും ഏവിയോണിക്‌സും സബ്സിസ്റ്റങ്ങളും. ആദ്യം 84 വിമാനങ്ങൾ നവീകരിക്കും.

റഷ്യൻ ടി-90 ടാങ്കുകൾ ശക്തമാക്കാൻ ഓട്ടോമാറ്റിക് ടാർഗെറ്റ് ട്രാക്കറുകൾ.

നാവിക സേനയ്‌ക്ക് ഭാരം കുറഞ്ഞ മധ്യദൂര കപ്പൽ വേധ മിസൈലുകൾ

 ടാങ്കുകളും കവചിത കാരിയറുകളും നശിപ്പിക്കുന്ന ടൈപ്പ് - 2, ടൈപ്പ് -3 വെടിക്കോപ്പുകൾ

എല്ലാം തദ്ദേശീയം. സേവന നികുതി ഒഴിവാക്കും.

Advertisement
Advertisement