തെലങ്കാനയിൽ പോളിംഗ് കുറഞ്ഞു; 64.54 % വോട്ടു ചെയ്‌തു, കഴിഞ്ഞ തവണ 79.17 %

Friday 01 December 2023 1:21 AM IST

തിരുവനന്തപുരം: കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞ് തെലങ്കാന. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 64.54 ശതമാനം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് 5ന് സമാപിച്ചു. 2018ലെ തിരഞ്ഞെടുപ്പിൽ പോളിംഗ് 79.17 ശതമാനമായിരുന്നു. വാശിയേറിയ പ്രചരണമായിരുന്നുവെങ്കിലും വോട്ടിംഗ് കുറഞ്ഞത് പാർട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഭരണകക്ഷിയായ ബി.ആർ.എസിനെയാണ് കൂടുതൽ അശങ്കയിലാക്കിയിട്ടുള്ളത്.

ഭരണം നേടാൻ ബി.ആർ.എസ്, കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾ തമ്മിലായിരുന്നു പോരാട്ടം. എ.ഐ.എം.ഐ.എമ്മും അവരുടെ ശക്തികേന്ദ്രങ്ങളിൽ മത്സരരംഗത്തുണ്ടായിരുന്നു.

മേദക് ജില്ലയിലെ ചിന്തമടക പോളിംഗ് സ്റ്റേഷനിലാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവും ഭാര്യ ശോഭയും വോട്ട് ചെയ്തത്. ബി.ആർ.എസ് നേതാക്കളായ കെ. കവിത, കെ.ടി. രാമറാവു, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രേവന്ത് റെഡ്ഡി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ജി. കിഷൻ റെഡ്ഡി, എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, സേന നേതാവ് പവൻ കല്യാൺ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി.

ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ ബി.ആർ.എസ് -കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. രേവന്ത് റെഡ്ഡിയുടെ സഹോദരൻ കൊണ്ടൽ റെഡ്ഡിയെ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബി.ആർ.എസ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. രംഗറെഡ്ഡിയിലും ജങ്കാവിലും സംഘർഷമുണ്ടായി.

119 മണ്ഡലങ്ങളിലായി 2,290സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 35,655 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിരുന്നു. 2.5 ലക്ഷം ജീവനക്കാരെയാണ് ചുമതലകൾക്കായി നിയോഗിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം പണം, സ്വർണം, മദ്യം, സൗജന്യങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 737 കോടി രൂപയുടെ ആസ്തികളാണ് അന്വേഷണ ഏജൻസികൾ കണ്ടുകെട്ടിയത്. മൂന്നിന് വോട്ടെണ്ണും.

Advertisement
Advertisement