മയക്കുമരുന്നു കടത്തിയ ദമ്പതികളടക്കം  നാലു പേർക്ക് 20 വർഷം കഠിന തടവും പിഴയും

Friday 01 December 2023 6:29 AM IST

മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ ദമ്പതികളടക്കം നാലു പേർക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ഇരുപതു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാരക്കുന്ന് പുലത്ത് കൊല്ലപറമ്പൻ അസ്ലമുദ്ദീൻ (32), ഭാര്യ എൻ.കെ.ഷിഫ്ന (27), കാവനൂർ അത്താണിക്കൽ കുറ്റിക്കാട്ടുമ്മൽ മുഹമ്മദ് സാദത്ത് (30), വഴിക്കടവ് കമ്പളക്കല്ല് നരിക്കോട്ടുമ്മൽ കമറുദ്ദീൻ (37) എന്നിവരെയാണ് ജഡ്ജ് എം.പി.ജയരാജ് ശിക്ഷിച്ചത്. 2022 സെപ്റ്റംബർ 11ന് രാത്രി 8.45ന് വഴിക്കടവ് ആനമറിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എക്‌സൈസ് കമ്മീണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ നിലമ്പൂർ കാളികാവ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മോട്ടോർ സൈക്കിൾ, സ്‌കൂട്ടർ, ജീപ്പ് എന്നിവയിലായി എത്തിയ പ്രതികളിൽ നിന്നും 75.485 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.