'തീയേറ്ററുകൾക്കുള്ള പണമെടുത്ത് സർക്കാർ കെഎസ്‌ആർടിസിക്ക് ശമ്പളം വരെ കൊടുത്തേക്കും'; 'എന്റെ ഷോ'യോട് സഹകരിക്കില്ലെന്ന് ഫിയോക്

Friday 01 December 2023 10:17 AM IST

കൊച്ചി: സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'എന്റെ ഷോ' മൊബൈൽ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഏത് സംവിധാനം വഴി ടിക്കറ്റ് വിതരണം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തീയേറ്ററുകൾക്കാണ്. നിർബന്ധിതമായി നടപ്പാക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

'സർക്കാരിന്റെ ഒരു പദ്ധതിയും ഇതുവരെ നേരാംവണ്ണം നടപ്പായിട്ടില്ല. ആളുകൾ ക്യൂ നിൽക്കുമ്പോൾ ആപ്പ് പണിമുടക്കിയാൽ ടിക്കറ്റ് നൽകാനാകില്ല. സർക്കാർ സേവനദാതാവായി നിശ്ചയിക്കുന്ന ഏജൻസിക്കാണ് ടിക്കറ്റ് തുക പൂർണമായി പോകുന്നത്. അതിൽനിന്ന് പിന്നീടാണ് വിതരണക്കാർക്കും നിർമാതാക്കൾക്കും നൽകേണ്ട വിഹിതമുൾപ്പെടെ തീയേറ്ററുടമകളുടെ അക്കൗണ്ടിലേയ്‌ക്കെത്തുന്നത്. ടിക്കറ്റ് തുകയിൽ നിന്ന് ഒന്നര രൂപ സേവനദാതാവിനാണ്. തീയേറ്ററുകൾക്ക് സർക്കാരിൽ നിന്ന് തുക കൃത്യസമയത്ത് കിട്ടുമെന്ന് ഉറപ്പില്ല. പണം കൈകാര്യം ചെയ്യുന്നത് സർക്കാർ നിയന്ത്രണത്തിലാകുന്നതോടെ കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വരെ എടുത്ത് ഉപയോഗിച്ചേക്കാം. അതുകൊണ്ട് സംവിധാനം നടപ്പാക്കാൻ അനുവദിക്കില്ല.'- വിജയകുമാർ പറഞ്ഞു.

' 'എന്റെ ഷോ' ആദ്യം ഒരു വർഷം സർക്കാർ തീയേറ്ററുകളിൽ പരീക്ഷിച്ച് വിജയിക്കട്ടെ. എന്നിട്ട് മറ്റ് തീയേറ്ററുകളുടെ കാര്യം ആലോചിക്കാം. മാളുകളിലെ വലിയ മൾട്ടിപ്ലക്സുകളും ഇതിനോട് യോജിക്കാൻ സാദ്ധ്യതയില്ല. 'എന്റെ ഷോ'യെ പരിചയപ്പെടുത്തിയപ്പോൾ തന്നെ ആശങ്കകൾ അറിയിച്ചിരുന്നു. അത് പരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ' - വിജയകുമാർ വ്യക്തമാക്കി.

തീയേറ്ററുകളിലെ കൃത്യമായ വരുമാന വിവരം നിർമാതാക്കൾക്കും ചലച്ചിത്ര ക്ഷേമനിധി ബോർഡിനും എളുപ്പത്തിൽ ലഭ്യമാക്കാൻ തയ്യാറാണ്. ക്ഷേമനിധി വിഹിതം കൃത്യമായി നൽകാത്തത് മാളുകളിലെ ചില തീയേറ്ററുകളും ഫിയോകിൽ അംഗമല്ലാത്തവരുമാണെന്നും വിജയകുമാർ ആരോപിച്ചു.