'അങ്ങനെ ചിഞ്ചുക്കുട്ടി മൊട്ടക്കുട്ടി ആയി'; ലക്ഷ്‌മിയുമൊത്തുള്ള പുതിയ ചിത്രം പങ്കുവച്ച് മിഥുൻ

Friday 01 December 2023 4:58 PM IST

നടൻ, അവതാരകൻ, ആർജെ തുടങ്ങിയ നിലകളിലെല്ലാം തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മിഥുൻ. ഇൻസ്റ്റഗ്രാമിൽ രസകരമായ റീൽസിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയ്ക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ ഇവർ കുടുംബസമേതം തിരുപ്പതി സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ മിഥുന് ബെൽസ് പൾസി രോഗം ബാധിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ മിഥുന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മികച്ച ചികിത്സയിലൂടെ മിഥുന്‍ രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. രോഗം മാറാനായി ലക്ഷ്മി ഒരു നേർച്ച നേർന്നിരുന്നു. അതിന്റെ ഭാഗമായി തിരുപ്പതിയിലെത്തി മുടി നൽകാനാണ് കുടുംബം എത്തിയത്.

മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'മൊട്ടെയ് ബോസ് ലക്ഷ്മി. എന്റെ ബെല്‍സ് പൾസി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറേപേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ട് തന്നെയാണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷേ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതിൽ കൂടുതൽ എന്താണ് എനിക്ക് വേണ്ടത്? ഈ അസാധാരണമായ സ്‌നേഹത്തിന് നന്ദി. സ്‌നേഹത്തിലൂടെയും പോസിറ്റിവിറ്റിയിലൂടെയും രോഗം മാറ്റാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.' - ചിത്രത്തിനൊപ്പം മിഥുൻ കുറിച്ചു.