മലയാളി ശാസ്ത്രജ്ഞ ലളിതാംബികയ്ക്ക് ഫ്രഞ്ച് സിവിലിയൻ പുരസ്ക്കാരം

Saturday 02 December 2023 12:34 AM IST

തിരുവനന്തപുരം: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളിയും ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞയുമായ വി.ആർ. ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി.

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തൂ ഷെവലിയർ നവംബർ 28ന് പുരസ്കാരം സമ്മാനിച്ചു. മുൻ ചെയർമാൻ എ.എസ്. കിരൺകുമാറിന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞയാണ്. കിരൺകുമാറിന് 2019 ൽ ബഹുമതി ലഭിച്ചിരുന്നു.

2018ൽ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിന്റെ ഡയറക്ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണൽ സ്‌പേസ് ഏജൻസിയുമായി (സി.എൻ.ഇ.എസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്. തിരുവനന്തപുരം സി.ഇ.ടി.യിൽ നിന്ന് ഇലക്ട്രിക് എൻജിനിയറിംഗിൽ ബിരുദമെടുത്ത ശേഷം1988ൽ വി.എസ്.എസ്.സി.യിൽ ചേർന്നു. 2018ൽ ഹ്യൂമൻസ്പെയ്സ് മിഷന്റെ ആദ്യഡയറക്ടറായി.

പേട്ട കല്ലുംമൂടിന് സമീപമാണ് താമസം.

തിരുവനന്തപുരത്ത് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനടുത്തുള്ള കോവിൽ വിള കുടുംബത്തിലെ അംഗവും വാട്ടർ അതോറിറ്റിയിൽ ചീഫ് എൻജിനിയറുമായിരുന്ന രാമചന്ദ്രൻനായരുടെയും വിജയലക്ഷ്മിയമ്മയുടേയും മകളാണ്. പ്രശസ്ത ഗണിതശാസ്ത്രവിദ്വാൻ എം.എൻ.രാമകൃഷ്ണപിള്ള മുത്തച്ഛനാണ്.

ഭർത്താവ് സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ് മുൻ ചെയർമാൻ പ്രദീപ് കുമാറാണ്. മകൾ പൂർണ്ണിമ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറാണ്. മരുമകൻ ഡോ.സുഭാഷ്. മകൻ അരവിന്ദ് കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ ഡെല്ലിന്റെ സിംഗപ്പൂർ സെന്ററിലാണ്. മരുമകൾ ശരണ്യ.

ജെ.ആർ.ഡി. ടാറ്റ, സത്യജിത് റേ, സി.എൻ.ആർ. റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ.ശ്രീധരൻ, അമിതാഭ് ബച്ചൻ, ശിവാജി ഗണേശൻ, ലതാ മങ്കേഷ്‌കർ, ഷാരൂഖ് ഖാൻ, ശശി തരൂർ തുടങ്ങിയവർക്കും ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement