കാഴ്ച പരിമിതിയുള്ള നിരക്ഷരർ അക്ഷരലോകത്തേക്ക്

Saturday 02 December 2023 1:37 AM IST
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ ദീപ്തി ബ്രെയിൽ സാക്ഷരതാ പരിപാടിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് അദ്ധ്യക്ഷനായി. ഫെഡറേഷൻ ഓഫ് ബ്ലൈന്റ് ടീച്ചേഴ്‌സ് ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. യോഗത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ് പദ്ധതി വിശദീകരിച്ചു. ഫെഡറേഷൻ ഓഫ് ബ്ലൈന്റ് ടീച്ചേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സുഭാഷ്, വനിതാ ശിശു സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ എൽ.ഷീബ, ഡയറ്റ് സീനിയർ ലക്ചറർ മിനി, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് പ്രോജക്ട് കോർഡിനേറ്റർമാരായ ആർ.സിംല, ലേഖാ മനോജ്, എൻ.ടി.ബാലകൃഷ്ണൻ, വി.എക്‌സ്.ജോയ് തുടങ്ങിയവർ സംസാരിച്ചു.

എല്ലാ ബ്ളോക്കിലും പഠനകേന്ദ്രം

 ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ഒരു പഠനകേന്ദ്രം ക്രമീകരിക്കും

 ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബ്ലോക്ക് തല സംഘാടകസമിതി രൂപവത്കരിക്കും
 ആശവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവ സർവേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തും

160 മണിക്കൂർ ക്ലാസ്

മാർച്ചിൽ പരീക്ഷ നടത്തുന്ന നിലയിൽ പഠനസമയം ക്രമപ്പെടുത്തും. ബ്രെയിൽ ലിപിയിൽ പ്രാവിണ്യമുള്ളവരെ ഓരോ പഠനകേന്ദ്രത്തിലും ഇൻസ്ട്രക്ടറായി നിയോഗിക്കും. ഇവർക്ക് ഓണറേറിയം നൽകും. പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ പഠന കേന്ദ്രത്തിൽ തയ്യാറാക്കും.

കാഴ്ച വെല്ലുവിളി നേരിടുന്ന നിരക്ഷരരെ മാർച്ച് മാസത്തോടെ സാക്ഷരരാക്കി മാറ്റുന്നതിനാണ് പരിശ്രമിക്കുന്നത്

- കെ.വി.രതീഷ്, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ

Advertisement
Advertisement