കേരള അഡ്. ട്രൈബ്യൂണൽ: തലശ്ശേരി ബെഞ്ച് വൈകും

Friday 01 December 2023 10:50 PM IST

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് തലശ്ശേരിയിൽ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള ഫയലിൽ കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും നടപടി വൈകിയേക്കും. പുതിയ തസ്തിക സൃഷ്ടിക്കുന്നതിലടക്കം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന തടസം.

പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും ശമ്പളമടക്കമുള്ള ചെലവുകൾക്കും നീക്കിവയ്ക്കേണ്ട തുക ഉൾപ്പെടെയുള്ള വിവരങ്ങൾ തേടി ധനവകുപ്പ് കൈമാറിയ ഫയൽ ട്രൈബ്യൂണൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള മറുപടി ധനവകുപ്പ് പരിശോധിച്ച് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടണം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ തസ്തിക സൃഷ്ടിക്കുന്നതിൽ ധനവകുപ്പ് തീരുമാനം നീണ്ടേക്കാം.

ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വരുന്ന കേസുകളിൽ 40 ശതമാനം വടക്കൻ ജില്ലകളിൽ നിന്നുള്ളവയാണെന്നതു കണക്കിലെടുത്താണ് തലശ്ശേരിയിൽ ബെഞ്ച് സ്ഥാപിക്കാൻ തീരുമാനിച്ചത്. കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് ഇത് സഹായകമാകും. തലശ്ശേരി ബാർ അസോസിയേഷനും നിവേദനം നൽകിയിരുന്നു.

ട്രൈബ്യൂണൽ ബെഞ്ചുകൾ

തിരുവനന്തപുരം........ 2

(പ്രിൻസിപ്പൽ ബെഞ്ച്, അഡിഷണൽ ബെഞ്ച്)

എറണാകുളം...............1

(അഡിഷണൽ ബെഞ്ച്)

രണ്ടിടത്തുമായി പരിഗണിക്കുന്നത്

12000ത്തോളം കേസുകൾ

Advertisement
Advertisement