കേന്ദ്ര സർവ്വകലാശാലയിലെ ലൈംഗിക അതിക്രമം സാക്ഷിയായ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ്

Friday 01 December 2023 10:52 PM IST

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പി.ജി. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന് ദൃക്സാക്ഷിയായ മെഡിക്കൽ ഓഫീസർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടിസ് നൽകി.മുൻകൂർ അനുമതി നേടാതെ മാദ്ധ്യമങ്ങളുമായി സംസാരിച്ചുവെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കുറ്റാരോപിതനായ അദ്ധ്യാപകന്റെ പരാതിയിലാണ് രജിസ്ട്രാറുടെ നോട്ടീസ്.

കേന്ദ്ര സർവകലാശാലക്ക് കീഴിലെ അരാവലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫിസർ ആരതി ആർ.നായർക്കാണ് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. പെൺകുട്ടി ആക്രമിക്കപ്പെട്ട കാര്യം ഡോക്‌ടർ വാർത്ത മാദ്ധ്യമങ്ങളുമായി ഇവർ പങ്കുവച്ചുവെന്നാണ് ആരോപണം. സർക്കാർ ജീവനക്കാർക്കുള്ള 1964 ലെ സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്നും നടപടിയെടുക്കാതിരിക്കാൻ നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

നവംബർ 13 നാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായത്. ക്ലാസിൽ ബോധരഹിതയായി വീണ പെൺകുട്ടിയെ ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചറിലെ ഇഫ്തിഖർ അഹമ്മദ് എത്തിയാണ് അരാവലി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയത്. ഇഫ്‌തിഖർ അഹമ്മദ് മദ്യപിച്ചാണ് വന്നതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് പ്രഥമ ശുശുക്ഷ നൽകുമ്പാഴും വാഹനത്തിൽ അരാവലിയിലേക്ക് കൊണ്ടുപോകേമ്പാഴും ക്ലിനിക്കിനകത്ത് വച്ചും ഡോ.ഇഫ്‌തിഖർ അഹമ്മദ് മോശമായി പെരുമാറിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.പെൺകുട്ടിയുടെ പരാതിയിൽ ഡോ.ഇഫ്തിക്കർ അഹമ്മദിനെ സർവകലാശാല സസ്പെൻ‌ഡ് ചെയ്തിരുന്നു.

Advertisement
Advertisement