ഉമ്മൻചാണ്ടി സർക്കാരിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസ്; എ എ റഹീം, എം സ്വരാജ് എന്നിവർ കുറ്റകാരെന്ന് കോടതി, വിധി ഇന്ന് ഉച്ചയ്ക്ക്

Saturday 02 December 2023 12:42 PM IST

തിരുവനന്തപുരം: സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസിൽ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ എ റഹീം, സിപിഎം നേതാവ് എം സ്വരാജ് എന്നിവർ കുറ്റകാരാണെന്ന് കണ്ടെത്തി കോടതി. ഉമ്മൻചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തിൽ കലാശിച്ചതിലാണ് കേസ്.

2010ലെ കേസിലാണ് ഇരുവരും കുറ്റകാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം. ശിക്ഷാവിധി ഇന്ന് ഉച്ചക്കുണ്ടാവും.

വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരത്തിനിടെ ബാരിക്കേഡുകളും വാഹനങ്ങളും തകർത്തുവെന്നാണ് കേസ്. 2010ൽ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റ‌ർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement
Advertisement