അഞ്ചര വർഷമായിട്ടും തുമ്പില്ല : ജെസ്‌ന കാണാമറയത്ത് തന്നെ !

Sunday 03 December 2023 12:08 AM IST

കോട്ടയം : അഞ്ചര വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മരിയയെ കണ്ടെത്താനാകാതെ അന്വേഷണ ഏജൻസികൾ. 2018 മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2021 ഫെബ്രുവരിയിൽ സി.ബി.ഐ എറ്റെടുത്തിരുന്നു. തിരോധാനത്തെക്കുറിച്ച് തനിക്കറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നൽകിയെങ്കിലും സ്ഥിരീകരണം സി.ബി.ഐ നടത്തിയിട്ടില്ല.

പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്‌ന കൈയിൽ കരുതിയിട്ടില്ലായിരുന്നു. വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നുമായിരുന്നു സൂചന. ചില യാത്രക്കാരും ഇത് വ്യക്തമാക്കിയിരുന്നു. പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്‌തിരുന്നു. എരുമേലിയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഒപ്പം നടക്കുന്നത് വ്യക്തമായിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല..

ഫലം കാണാത്ത അന്വേഷണം

ഫോൺ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

ബംഗളൂരു, മംഗലാപുരം, പൂന, ഗോവ, ചെന്നെ എന്നിവിടങ്ങളിൽ അന്വേഷണം

വിവിധയിടങ്ങളിലെ നാലായിരത്തിലധികം ഫോൺ കാളുകൾ പരിശോധിച്ചു

വിവരം നൽകുന്നവർക്ക് ഡി.ജി.പിയുടെ 5 ലക്ഷം രൂപ പാരിതോഷികം