പ്രതികൾക്കെതിരെ ജീവപര്യന്തം തടവുവരെ കിട്ടാവുന്ന വകുപ്പുകൾ, പത്മകുമാറിനെ കൊട്ടാരക്കര സബ്‌ജയിലിലും അനിതയെയും അനുപമയെയും അട്ടക്കുളങ്ങരയിലേക്കും മാറ്റും

Saturday 02 December 2023 7:06 PM IST

കൊല്ലം :ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പുകൾ. തട്ടിക്കൊണ്ടുപോകൽ. തടവിലാക്കൽ, ദേഹോപദ്രമേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസിൽ മൂന്നു പ്രതികളെയും ഈ മാസം 15 വരെ റിമാൻഡ് ചെയ്തു.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി,. അനുപമ (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ്‌ജയിലിലേക്കും അനിതകുമാരിയെയും അനുപമയെയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും മാറ്റും

പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. മുഖം മറച്ചു കൊണ്ടുവന്ന പ്രതികൾക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. പ്രതികളെആറുവയസുകാരിയും സഹോദരനും തിരിച്ചറിഞ്ഞിരുന്നു.

അതേസമയംആറുവയസുകാരിക്കും സഹോദരനും പൊലീസ് അവാർഡ് നൽകി. കുട്ടികൾക്ക് മൊമന്റോ നൽകിയെന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പറഞ്ഞു കേസിൽ പ്രതികൾക്ക് വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും തുടക്കം മുതൽ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് മാത്രമായിരുന്നു മുൻഗണനയെന്നും അജിത് കുമാർ പ്രതികരിച്ചിരുന്നു.

കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം അതുകൊണ്ടാണ് പ്രതികളിലേക്ക് എത്താൻ വൈകിയത്. കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നും എ.ഡി.ജി.പി പറഞ്ഞു

Advertisement
Advertisement