ഫിലീപ്പൈൻസിൽ 7.5 തീവ്രതയിൽ അതിശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
മനില: ഫിലിപ്പൈൻസിലെ മിൻഡാനാവോയിൽ അതിശക്തമായ ഭൂകമ്പം. 7.5 തീവ്രതയേറിയ ശക്തിയേറിയ ഭൂചലനമാണ് ശനിയാഴ്‌ച ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് അമേരിക്കൻ സുനാമി മുന്നറിയിപ്പ് വിഭാഗം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിൻഡോനാവോയിൽ ഭൂമിയുടെ ഏതാണ്ട് 63 കിലോമീറ്റർ ഉള്ളിലാണ് പ്രഭവ കേന്ദ്രം. മനിലയിൽ നിന്നും 893 കിലോമീറ്റർ ദൂരെയാണിത്.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തെ ആസ്‌പദമാക്കി ഫിലിപ്പൈൻസ്, പലാവു, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നവംബർ 17ന് ദക്ഷിണ മിൻഡാനാവോയിൽ 6.7 തീവ്രതയേറിയ അതിശക്തമായൊരു ഭൂകമ്പം ഉണ്ടായിരുന്നു. എന്നാൽ അന്ന് നാശനഷ്‌ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിരുന്നില്ല. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ഫിലിപ്പൈൻ കടലിനും ദക്ഷിണ ചൈന കടലിനും ഇടയിലാണ് ഫിലിപ്പൈൻസിന്റെ സ്ഥാനം. 'റിംഗ് ഓഫ് ഫയർ' എന്നറിയപ്പെടുന്ന സജീവ അഗ്നിപർവത മേഖലയായ ഇവിടം ഭൂകമ്പങ്ങളടക്കം നിരന്തരം ഉണ്ടാകുന്ന മേഖലയിലാണ് രാജ്യം.
അതേസമയം ശനിയാഴ്‌ച രാവിലെ ബംഗ്ലാദേശിൽ റിക്ടർ സ്‌കെയിലിൽ 5.5 തീവ്രതയിൽ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്ത്യൻ സമയം രാവിലെ 9.05ന് ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ലക്ഷ്മിപൂർ ജില്ലയിലെ റാംഗഞ്ചിന് കിഴക്ക് എട്ട് കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ധാക്കയിലും ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ത്രിപുര, മിസോറാം, അസാം എന്നിവിടങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി. ഇന്ത്യയിൽ ലഡാക്കിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.25ന് റിക്ടർ സ്‌കെയിലിൽ 3.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്.