നിർണായകം: 4 ഇടങ്ങളിൽ ഫലം ഇന്നറിയാം; രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തെലങ്കാന

Sunday 03 December 2023 12:50 AM IST

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിന്റെ ഫലം ഇന്നറിയാം.

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ ഫലമാണ് ഇന്ന് വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ശക്തിയും പോരായ്‌മകളും വിലയിരുത്തപ്പെടുമെന്നതിനാൽ ഫലം നിർണ്ണായകമാണ്.

ക്രിസ്ത്യൻ ഭൂരിപക്ഷത്തിന്റെ ആവശ്യം മാനിച്ച് മിസോറാമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റി.

രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകും. ഉച്ചയോടെ ജയപരാജയങ്ങൾ തീരുമാനിക്കപ്പെടും.

കോൺഗ്രസിനും ബി.ജെ.പിക്കും ആശ്വാസവും ആശങ്കയും ഒരുപോലെ നൽകുന്നതാണ് കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. 90 സീറ്റുകളുള്ള ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരം നിലനിറുത്തുമെന്ന് ഭൂരിപക്ഷം സർവേകളും പ്രവചിച്ചപ്പോൾ രാജസ്ഥാനിൽ ബി.ജെ.പി എത്തുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മദ്ധ്യപ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് നേരിയ മുൻതൂക്കം പ്രവചിക്കപ്പെടുന്നു. 230 സീറ്റുകളാണുള്ളത്. 119 സീറ്റുകളുള്ള തെലങ്കാനയിൽ ഭരണകക്ഷിയായ ബി.ആർ.എസിനെതിരെ കോൺഗ്രസിന് വിജയസാദ്ധ്യത പ്രവചിക്കുന്നു.
മുഖ്യമന്ത്രിമാരായ ശിവ്‌രാജ്സിംഗ് ചൗഹാൻ (മദ്ധ്യപ്രദേശ്)അശോക് ഗെലോട്ട് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഢ്), ചന്ദ്രശേഖർ റാവു (തെലങ്കാന), മുൻ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), രമൺസിംഗ് (ഛത്തീസ്ഗഢ്) എന്നിവരുടെ ഭാവിയും നിർണയിക്കപ്പെടും.

മികച്ച പ്രകടനം കാഴ്‌ചവച്ചാൽ കോൺഗ്രസിന് 'ഇന്ത്യ" മുന്നണിക്കുള്ളിൽ ആധിപത്യം സ്ഥാപിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാം. 2018ൽ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തി കാട്ടിയ ബി.ജെ.പിയും ജയം പ്രതീക്ഷിക്കുന്നു.

എക്‌സിറ്റ് പോൾ സർവേ ഫലങ്ങളുടെയും ബൂത്തു തല റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നാല് സംസ്ഥാനങ്ങളിലും പ്രധാന കക്ഷികൾ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ഭൂരിപക്ഷം ലഭിക്കുന്ന സംസ്ഥാനങ്ങളിലെ എം.എൽ.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം തുടങ്ങി.

Advertisement
Advertisement