കുട്ടിയെ തട്ടിയെടുക്കാൻ പ്രധാനകാരണം പത്മകുമാറിന്റെ പരിചയക്കാരിൽ ഉണ്ടായ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റം, കുബുദ്ധികൾ എല്ലാം ഉപദേശിച്ചത് ഭാര്യ

Sunday 03 December 2023 8:07 AM IST

കൊല്ലം: ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതി പത്മകുമാറിന് കൊവിഡിന് ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിൽ വൻ നഷ്ടമുണ്ടായി. കടം അഞ്ച് കോടിയായി. ആസ്തികൾ വിറ്റ് തീർക്കാനാകാത്ത വിധം അതെല്ലാം പലയിടങ്ങളിലായി പണയത്തിലാണ്. ഇടയ്ക്ക് തുടങ്ങിയ ബിരിയാണിക്കച്ചവടവും മത്സ്യവില്പന സ്റ്റാളും പച്ചപിടിച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതർ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നൽകിയതോടെ പത്ത് ലക്ഷം രൂപ പെട്ടെന്ന് ആവശ്യമായി. ഈ തുക കടമായി പലരോടും ചോദിച്ചെങ്കിലും കിട്ടിയില്ല.

പത്മകുമാറിന്റെയും കുടുംബത്തിന്റെയും പരിചയക്കാരിൽ പലരും അടുത്തസമയത്ത് സമ്പന്നരായി മാറി. അത് തെറ്റായ മാർഗങ്ങളിലൂടെയാണെന്നായിരുന്നു ഇവരുടെ ധാരണ. എങ്കിൽ തങ്ങൾക്കും എന്തുകൊണ്ട് ആയിക്കൂടെന്ന ചിന്തയിൽ നിന്നാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി സജീവമാക്കിയത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാമെന്ന കുബുദ്ധിയുടെ ഉറവിടം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒരു വർഷം മുമ്പ് പെട്ടെന്ന് പണം സംഘടിപ്പിക്കാനുള്ള ആലോചനകൾ തുടങ്ങിയപ്പോൾ അനിതകുമാരിയാണ് പദ്ധതി മുന്നോട്ടുവച്ചതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.