ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി; തെലങ്കാനയില്‍ കുതിച്ച് കോണ്‍ഗ്രസ്

Sunday 03 December 2023 10:02 AM IST

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് ഛത്തീസ്ഗഡില്‍ നടക്കുന്നത്. വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിനോട് അടുക്കുമ്പോള്‍ ലീഡ് നില മാറി മറിയുന്നതാണ് സംസ്ഥാനത്തെ അവസ്ഥ. 90 സീറ്റുകളിലേക്ക് കേവല ഭൂരിപക്ഷത്തിനാവശ്യം 46 എന്ന മാജിക് നമ്പറാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോളുകള്‍ ഒരേ സ്വരത്തില്‍ അവകാശപ്പെട്ടെങ്കിലും കാര്യങ്ങള്‍ കോണ്‍ഗ്രസിന് അത്ര എളുപ്പമല്ലെന്നാണ് സൂചന.

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുകയാണ്. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലേക്ക് തിരികെവരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. 199 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബിജെപി ലീഡ് നില കേവല ഭൂരിപക്ഷത്തെ മറികടന്നു. കോൺഗ്രസ് ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് - സച്ചിന്‍ പൈലറ്റ് ആഭ്യന്തര പോര് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെ മാറി മാറി അധികാരത്തിലെത്തിക്കുന്നതാണ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ പൊതു സ്വഭാവം.

മദ്ധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന സൂചനകളെ കാറ്റില്‍പ്പറത്തി മുന്നേറുകയാണ് ബിജെപി. 228 അംഗ നിയമസഭയില്‍ 150+ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ വോട്ടര്‍മാരില്‍ ചലനമുണ്ടാക്കിയില്ലെനാണ് ലീഡ് നില സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന് ഇനിയുമൊരു അവസരം കൂടി മുഖ്യമന്ത്രി സ്ഥാനത്ത് ലഭിക്കാന്‍ സാദ്ധ്യതയില്ല. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം.

തെലങ്കാനയില്‍ ശക്തമായ ഭരണവിരുദ്ധ വികാരത്തില്‍ ആടിയുലയുകയാണ് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ്. സംസ്ഥാന രൂപീകരണത്തിന് ശേഷം ഹാട്രിക് വിജയമെന്ന കെസിആറിന്റെ സ്വപ്‌നം കോണ്‍ഗ്രസ് കടപുഴക്കിയെന്നതാണ് ഫലസൂചന. 119 അംഗ നിയമസഭയില്‍ 60+ സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. വലിയ ചലനമുണ്ടാക്കുമെന്ന് അവകാശപ്പെട്ട ബിജെപി നാലാം സ്ഥാനത്താണ് ഇവിടെ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ചിട്ടയായ പ്രവര്‍ത്തനം ഒരു വര്‍ഷമായി കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന് നേട്ടമായി മാറി.