ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത് 20000രൂപ കടം ചോദിച്ചത്, മൂന്നുപേരെയും അറസ്റ്റുചെയ്തത് ഇങ്ങനെ

Sunday 03 December 2023 11:21 AM IST

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളിലേക്കെത്താനുള്ള ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പിയിരുന്ന അന്വേഷണസംഘത്തിന് പിടിവള്ളിയായത് കണ്ണനല്ലൂർ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ അബ്ദുൾ സമദ് കൈമാറിയ നിർണായക വിവരങ്ങളിലൂടെ.ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ 27ന് രാത്രിയിൽ കുട്ടിയുടെ വീട്ടിൽ വിളിച്ച മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീയുടെ ശബ്ദം സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ശബ്ദം തിരിച്ചറിയുന്നതിനായി കുടുംബശ്രീ സി.ഡി.എസുകളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു.

ഇതിലൂടെ ശബ്ദം കേട്ട് പരിചയമുള്ള ശബ്ദമായി തോന്നിയതിനാൽ ഇവർ തന്റെ വാട്‌സ് ആപ്പിൽ 20000രൂപ കടമായി നൽകണമെന്നാവശ്യപ്പെട്ട് അയൽ വാസിയായ മറ്റൊരുസ്ത്രീ അയച്ച വാട്‌സാപ്പ് ശബ്ദസന്ദേശം ഒരിക്കൽകൂടി കേൾക്കുകയും ചെയ്തു.

രണ്ട് ശബ്ദങ്ങളും ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ സ്ത്രീ പരിചയത്തിലുള്ള നേതാവായ അബ്ദുൾ സമദിന്റെ വാട്‌സാപ്പിലേക്ക് രണ്ട് സന്ദേശങ്ങളും അയച്ചു നൽകുകയായിരുന്നു. സമദ് ഈ സന്ദേശങ്ങൾ മുമ്പ് കണ്ണനല്ലൂർ സി.ഐയായിരുന്ന നിലവിൽ വർക്കലയ്ക്കടുത്തുള്ള അയിരൂർ സി.ഐയായിരുന്ന വിപിന് കൈമാറി.

തുടർന്ന് പൊലീസ് ഈ ശബ്ദസന്ദേശങ്ങൾ പരിശോധിച്ചതിലൂടെ രണ്ട് ശബ്ദങ്ങളും ഒന്നാണെന്നും തിരിച്ചറിഞ്ഞു. ശബ്ദത്തിലുള്ള സ്ത്രീ ചാത്തന്നൂരിലെ ബേക്കറിയുടമയായ പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പത്മകുമാറിന്റെ വീടിനടുത്തുള്ള സമീപവാസികളോട് അന്വേഷിക്കുന്നതിനിടയിലാണ് ഇയാളുടെ വീട്ടിനുള്ളിൽ വെള്ള നിറത്തിലുള്ള സ്വിഫ്ട് ഡിസയർ കാർ കിടക്കുന്നത് കണ്ടത്. കൂടാതെ രേഖാചിത്രത്തിനും പത്മകുമാറുമായി ഏറെ സമാനത ഉണ്ടെന്ന് നാട്ടുകാരിൽ നിന്ന് പൊലീസ് മനസിലാക്കി. തുടർന്ന് പൊലീസ് മടങ്ങുകയും ചെയ്തു.പിന്നീടാണ് ഇവർ വീട്ടിൽ നിന്ന് മുങ്ങിയത്. നാട്ടുകാരിൽ നിന്ന് പത്മകുമാറിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച അന്വേഷണസംഘം മൊബൈൽ ടവർ നിരീക്ഷിച്ചതിൽ നിന്ന് മൂവരും തമിഴ്‌നാട്ടിലുണ്ടെന്ന് കണ്ടെത്തി പുളിയറൈയിൽ നിന്ന് പിടികൂടുകയുമായിരുന്നു.

Advertisement
Advertisement