കൊച്ചിയിൽ പൊലീസെന്ന വ്യാജേന ഹോസ്റ്റലിലെത്തി കവർച്ച; നിയമവിദ്യാർത്ഥിനിയും സുഹൃത്തുക്കളും പിടിയിൽ

Sunday 03 December 2023 11:37 AM IST

കൊച്ചി: പൊലീസെന്ന വ്യാജേന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ നാലംഗ സംഘം പിടിയിൽ. കൊച്ചിയിലാണ് സംഭവം. നിയമവിദ്യാർത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്.

എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ നവംബർ 15ന് രാത്രി 12നായിരുന്നു കവർച്ച നടന്നത്. എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്‌സൺ ഫ്രാൻസിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.

മാരകായുധങ്ങളുമായി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ സംഘം വധഭീഷണി മുഴക്കി അഞ്ച് മൊബൈൽ ഫോണുകളും സ്വർണമാല, മോതിരം എന്നിവയും കവരുകയായിരുന്നു.

ഹോസ്റ്റലിൽ താമസിക്കുന്നവരുടെ അകന്ന കൂട്ടുകാരൻ വഴി സെജിനാണ് ആദ്യം അവിടെയെത്തിയത്. സംസാരിച്ചിരിക്കെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം പൊലീസ് സ്‌ക്വാഡ് ആണെന്ന വ്യാജേന ജയ്‌സണും കയിസും ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുകയായിരുന്നു. അതിക്രമം നടക്കുന്ന സമയം നിയമവിദ്യാർത്ഥിനിയെ കാറിൽ നിരീക്ഷണത്തിനായി ഏൽപ്പിച്ചിരുന്നു. മോഷണത്തിന് പിന്നാലെ പ്രതികൾ കടന്നുകളയുകയും ചെയ്തു.

ഊട്ടി, വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ തൃശൂരിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ വാഹനം തടഞ്ഞു. കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.