പദ്‌മകുമാറിനും കുടുംബത്തിനും ഇപ്പോഴുള്ളത് ഒരേയൊരു ആവശ്യം മാത്രം, അമ്മയ്ക്കും മകൾക്കും ഇനി അട്ടക്കുളങ്ങരയിൽ 'സുഖവാസം'
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഒരുദിവസത്തോളം കേരളത്തെയാകെ മുൾ മുനയിൽ നിറുത്തിയ പദ്‌മകുമാറിനും കുടുംബത്തിനും അറസ്റ്റുചെയ്യാനെത്തിയ പൊലീസിനോട് ഒരു അഭ്യർത്ഥന മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ പൊന്നുപോലെ പരിപാലിക്കുന്ന നായ്ക്കളെ നോക്കാൻ ഒരു മാർഗം കാണണം. ഉപേക്ഷിപ്പെട്ടവയെയും തെരുവുനായ്ക്കളെയും എടുത്തുവളർത്തുന്നത് ഇവർക്ക് വിനോദമായിരുന്നു. അങ്ങനെ വീട്ടിലെത്തിയ നായ്ക്കൾ ബുദ്ധിമുട്ടുന്നത് ഇവർക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. അതേസമയം, റിമാൻഡിലായ പദ്മകുമാറിനെ പൂജപ്പുരയിലെ ജയിലിലേക്കും അനിതകുമാരിയെയും മകളെയും അട്ടക്കുളങ്ങര വനിതാ സബ് ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. കേസന്വേഷണം അതിവേഗം പൂർത്തിയാക്കി തൊണ്ണൂറുദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുളള തീവ്ര ശ്രമത്തിലാണ് പൊലീസ്. അങ്ങനെയെങ്കിൽ ഇവർക്ക് ജാമ്യം ലഭിക്കാനുളള സാദ്ധ്യതയും വിരളമാകും.
തെങ്കാശിയിൽ നിന്ന് അടൂർ ബറ്റാലിയൻ ക്യാമ്പിലെത്തിച്ച് വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്ത പ്രതികളെ ഇന്നലെ പൂയപ്പള്ളി സ്റ്റേഷനിൽ കൊണ്ടുവന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നാണ് റിമാൻഡ് ചെയ്തത്.
കുറ്റവും ശിക്ഷയും
ഐ.പി.സി 361- രക്ഷിതാക്കളിൽ നിന്ന് തട്ടിക്കൊണ്ടുപോകൽ- ഏഴ് വർഷം വരെ തടവ്
ഐ.പി.സി 370(4)- പ്രായപൂർത്തിയാകാത്തവരെ തട്ടിക്കൊണ്ടുപോകൽ- ജീവപര്യന്തം തടവ് പരമാവധി ശിക്ഷ
ഐ.പി.സി 323- ആയുധമില്ലാതെ കൈ കൊണ്ട് ചെറിയ പരിക്കേൽപ്പിക്കൽ- ഒരു വർഷം വരെ തടവും പിഴയും
ഐ.പി.സി 34- ക്രിമിനൽ ലക്ഷ്യത്തോടെ സംഘം ചേർന്നുള്ള കുറ്റകൃത്യം.