'ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു', വികാരഭരിതനായി ബോബി ഡിയോൾ

Sunday 03 December 2023 12:41 PM IST

ന്യൂഡൽഹി: ഈ മാസം ആദ്യം തിയേറ്ററുകളിൽ എത്തിയ ബോളിവുഡ് ചിത്രം അനിമലിന്റെ വിജയത്തിൽ വികാരഭരിതനായി നടൻ ബോബി ഡിയോൾ. റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ ബോക്സോഫീസിൽ വൻഹിറ്റായ അനിമലിന് നിരവധി ആരാധകരുടെ അഭിനന്ദങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറയുന്ന ബോബി ഡിയോളിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനിമലിൽ പ്രതിനായകനായാണ് താരം എത്തുന്നത്.

'ദൈവം ശരിക്കും ദയയുളളവനാണ്. ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു 'നടൻ പറയുന്നു. സന്തോഷാശ്രു പൊഴിക്കുന്ന ബോബി ഡിയോളിനൊപ്പം ചിത്രത്തിലെ അണിയറപ്രവർത്തകരെയും കാണാൻ സാധിക്കും.

റിലീസ് ദിവസം തന്നെ അനിമൽ സ്വന്തമാക്കിയത് 63കോടിയിലധികം രൂപയാണ്. രണ്ടാം ദിവസത്തോടെ കളക്ഷൻ 100 കോടി കടന്നുവെന്നാണ് കണക്ക്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അർജുൻ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ്. റൺബീർ കപൂറിന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അനിൽ കപൂർ, തൃപ്തി ഡിമ്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. റിലീസ് ചെയ്ത് ആദ്യ ദിനത്തിൽ തന്നെ മികച്ച കളക്ഷൻ നേടിയ സിനിമയ്ക്ക് അഭിനന്ദനങ്ങൾക്കൊപ്പം ചിത്രത്തിലെ വയലൻസ് സീനുകളുടെ പേരിൽ വിമർശനങ്ങളും വലിയ തോതിൽ ഉയരുന്നുണ്ട്.